2017 ഒക്‌ടോബർ 11, ബുധനാഴ്‌ച

ഹർത്താൽ എങ്ങിനെ എന്നെന്നേയ്ക്കുമായി അവസാനിപ്പിയ്ക്കാം?


ഹർത്താൽ എങ്ങിനെ എന്നെന്നേയ്ക്കുമായി    അവസാനിപ്പിയ്ക്കാം?


ഇച്ഛാശക്തിയുള്ള ഒരു സർക്കാരുണ്ടെങ്കിൽ നിഷ്പ്രയാസം സാധിയ്ക്കും.

റ്റൂ വീലർ ഓടിയ്ക്കുന്നർ നിർബന്ധമായും ഹെൽമെറ്റ് ധരിച്ചിരിയ്ക്കണം എന്ന നിയമം പണ്ടേ ഉള്ളതാണല്ലോ. എന്നിട്ട് അത് പ്രാബല്യത്തിൽ വരുവാൻ ഒരു സുപ്രീം കോടതിവിധി വേണ്ടി വന്നുവല്ലോ. അതുവരെ എന്തൊക്കെ പുകിലായിരുന്നു. എത്രയെത്ര അസോസിയേഷനുകളായിരുന്നു. എന്തൊക്കെ ന്യായ വാദങ്ങൾ ആയിരുന്നു..... ഇപ്പോൾ ആർക്കും ഒരു പ്രശ്നവുമില്ല.

അതുപോലെ ഇവിടെയും കോടതിയുടെ ഇടപെടൽ വേണം. അല്ലെങ്കിൽ ഇച്ഛാശക്തിയുള്ള സർക്കാർ വേണം. രണ്ടും കൂടിയുണ്ടെങ്കിൽ ഒന്ന് കൂടി നല്ലത്.

നിലവിൽ നമ്മുടെ നാട്ടിലെ ചില ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ആരൊക്കെ ഹർത്താൽ പ്രഖ്യാപിച്ചാലും ജനം ചെവികൊള്ളാത്ത പ്രദേശങ്ങളുണ്ട്. അവിടെ അതൊക്കെ സാധ്യമായതെങ്ങിനെയാണ്? ആ നാട്ടിലെ ജനങ്ങൾ കക്ഷി രാഷ്ട്രീയമില്ലാതെ ഹർത്താലിനെതിരെ ഒന്നിച്ചു നിന്നു എന്നതുകൊണ്ടാണ്, അതുകൊണ്ടു മാത്രം. നാമൊന്നിച്ചു നിന്നാൽ കേരളമൊട്ടാകെ ഇത് സാധ്യമാണ്.

എങ്ങിനെ നമുക്കൊന്നിച്ചു നിൽക്കാം? ഒന്നിച്ചു നിൽക്കണമെങ്കിൽ ഒരു നേതാവ് വേണം. അല്ലെങ്കിൽ ജനത്തെ ഒന്നിപ്പിയ്ക്കുവാൻ പറ്റിയ ഒരാശയം വേണം. ഇവിടെ ഒരു നേതാവില്ല. ആശയമുണ്ട്. നേതാവിന് പകരം സർക്കാരിന്റെ പിന്തുണ കിട്ടിയാൽ മതി കൂട്ടത്തിൽ കോടതി കൂടിയുണ്ടെങ്കിൽ ഒന്നുകൂടി നന്നായി.

അപ്പോൾ ആശയമുണ്ട്, ആ ആശയതോടൊപ്പം നിൽക്കുവാൻ ജനമുണ്ട്, കോടതിയുടെ പിന്തുണ കിട്ടുമെന്ന് ന്യായമായും പ്രതീക്ഷിയ്ക്കുകയും ചെയ്യാം.

ഇനി വേണ്ടത് സർക്കാരിന്റെ പിന്തുണയാണ്. നിലവിലെ അവസ്ഥയിൽ അത് കിട്ടുമെന്ന് പ്രതീക്ഷിക്കുക വയ്യ. എന്നാൽ ജനങ്ങൾ ഒന്നിച്ചുനിൽക്കുകയും കോടതിയുടെ ഇടപെടൽ ഉണ്ടാകുകയും ചെയ്‌താൽ സർക്കാരിന് ജനത്തിനു ഒപ്പം നിക്കാതെ മറ്റു മാർഗമില്ലാതെ വരും.

സർക്കാരിൽ നിന്നും എന്താണ് വേണ്ടത്?

1) ഹർത്താൽ പ്രഖ്യാപിയ്ക്കപ്പെട്ട ദിവസത്തെ എല്ലാ സമരപരിപാടികളും നിരോധിയ്ക്കുക. (എന്നുവച്ചാൽ ഹർത്താൽ, പണിമുടക്ക്, ക്യാൻവാസിംഗ് തുടങ്ങി ഹർത്താലിനെ സഹായിയ്ക്കുന്ന എല്ലാത്തരം പ്രവർത്തികളും).

2) അന്നേ ദിവസം എല്ലാ കച്ചവടസ്ഥാപനങ്ങളും സാധാരണപോലെ തുറന്നു പ്രവർത്തിയ്ക്കണം.

3) മുഴുവൻ സർക്കാർ ജീവനക്കാരും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരും സാധാരണപോലെ ജോലിയ്ക്കു ഹാജരാകണം.

4) ബസ്, ലോറി, ടാക്സി, ഓട്ടോറിക്ഷ തുടങ്ങി മുഴുവൻ കമേഴ്‌സ്യൽ വാഹനങ്ങളും ഓടണം.

5) ആ ദിവസം ജോലി ചെയ്യാത്ത ജീവനക്കാരെ, സർക്കാർ ജീവനക്കാരെന്നോ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെന്നോ വ്യത്യാസമില്ലാതെ, പിരിച്ചു വിടണം.

6) ആ ദിവസം സർവീസ് നടത്താത്ത ബസുകളുടെയും അതുപോലുള്ള വാഹനങ്ങളുടെയും പെർമിറ്റ് ക്യാൻസൽ ചെയ്യുക.

7) ഹർത്താൽ അനുകൂലികൾ ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാക്കുകയോ മറ്റുള്ളവരുടെ ജോലിയ്‌ക്കോ യാത്രയ്ക്കൊ ഏതെങ്കിലും തരത്തിലുള്ള തടസങ്ങൾ ഉണ്ടാക്കുകയോ ചെയ്‌താൽ അവരെ ഉടൻ ജാമ്യമില്ലാവകുപ്പു പ്രകാരം അറസ്റ്റു ചെയ്യുകകയും അവരിൽ നിന്നും നഷ്ടം ഈടാക്കുകയും ചെയ്യുക. നഷ്ടത്തിന്റെ കാര്യം തീരുമാനമാകുന്നതുവരെ ജാമ്യം പോലും അനുവദിയ്ക്കരുത്.

8) ഹർത്താൽ അനുകൂലികൾ ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾക്ക് ഉടൻ തന്നെ (ഉടനെന്നാൽ പരമാവധി ഒരാഴ്ചയ്ക്കകം) സർക്കാർ നേരിട്ട് തന്നെ നഷ്ടപരിഹാരം കൊടുക്കുക. ആ തുക പിന്നീട് നഷ്ടം ഉണ്ടാക്കിയവരിൽ നിന്നും ഈടാക്കുക.

ഇതൊന്നും വേണ്ടി വരില്ല. ജനങ്ങൾ ഒന്നിച്ചു നിന്നാൽ ഒരാളും അനങ്ങില്ല. സർക്കാരിൻറെയും കോടതിയുടെയും പിന്തുണ കൂടിയുണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട.


ഹർത്താൽ ദിവസം ആ പ്രദേശത്തുള്ളവർ ഏതാനും മണിക്കൂർ റോഡിലേക്കിറങ്ങി നിന്നാൽ മതി. എല്ലാവരുടെയും കയ്യിൽ മൊബൈൽ ഫോണുണ്ടല്ലോ. ആ മൊബൈലിൽ, ആരെങ്കിലും ഹർത്താൽ വേണമെന്നും പറഞ്ഞു വന്നാൽ അവരുടെ അക്രമങ്ങൾ വിഡിയോയിൽ പകർത്തുക. അത് പിന്നീട് തെളിവായി ഉപയോഗിയ്ക്കുവാനാകും. ഒരാളും അനങ്ങില്ല. ഉറപ്പ്.