2015 ഒക്‌ടോബർ 11, ഞായറാഴ്‌ച

5.ലോകം ഇന്നു നേരിടുന്ന സകല പ്രശ്നങ്ങൾകും ഉള്ള പരിഹാരം. (ഒറ്റമൂലി)


നാം ഇന്ന് നേരിടുന്ന തീവ്രവാദം, കൈക്കൂലി, അഴിമതി, മോഷണം, ഗുണ്ടായിസം, മാഫിയ,..... എന്നു തുടങ്ങി സകല പ്രശ്നങ്ങൾകും ഉള്ള പരിഹാരം ആയി എന്റെ മനസ്സിൽ തോന്നുന്ന ഒരു ആശയം ഇതാ ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുന്നു.

ഇവയുടെയല്ലാം ചാലകശക്തി പണമാണ്. ആ പണത്തിന്റെ ഒഴുക്ക് ഇല്ലാതാക്കണം.  അതോടെ മുകളിൽ പറഞ്ഞ സകല പ്രശ്നങ്ങളും അവസാനിക്കും. അത് ഇന്നത്തെ കാലത്ത് വളരെ എളുപ്പമാണ്.

ആ പണം മുഴുവനും  കള്ളപ്പണം ആണ്. കള്ളപ്പണം എന്നാൽ അക്കൌണ്ടബിൾ അല്ലാത്ത, നികുതി കൊടുക്കാത്ത, സോർസ് വെളിപ്പെടുത്തുവാൻ പറ്റാത്ത പണം എന്നർഥം. അത് കറൻസിയായിട്ടു മാത്രമേ കൈകാര്യം ചെയ്യുവാനും സൂക്ഷിച്ചു വയ്ക്കുവാനും കഴിയൂ. ആദ്യം കറൻസി നോട്ടുകൾ മുഴുവനും അങ്ങു പിൻവലിക്കുന്നു. എന്നു വച്ചാൽ നിരോധിക്കുന്നു. എന്നിട്ട്, തുക എത്ര ചെറുതാവട്ടെ വലുതാവട്ടെ മുഴുവൻ പണമിടപാടുകളും അക്കൌണ്ടിൽ ക്കൂടി മാത്രമേ നടത്താവു എന്ന് നിയമവും വരുന്നതോടെ കള്ളപ്പണം അവസാനിക്കും.

അപ്പോൾ പിന്നെ സാധാരണ പണമിടപാടുകൾ എങ്ങിനെ നടത്തും? കുറെ കാര്യങ്ങൾ ഡെബിറ്റ് / ക്രഡിറ്റ് കാർഡുകൾ വഴിയും അക്കൌണ്ട് റ്റു അക്കൌണ്ട് ട്രാൻസ്ഫെർ വഴിയും നടക്കും. പിന്നെയുമുണ്ടല്ലോ. 

ഉദാഹരണത്തിന് ബസിലോ ഓട്ടോയിലോ യാത്ര ചെയ്യുക, മീൻ വാങ്ങുക, തുടങ്ങിയ ചെറിയ കാര്യങ്ങൾ. എന്നാൽ ഇതിനും വഴിയുണ്ട്. അതിനു ഓരോരുത്തരുടെയും കയ്യിലുള്ള മൊബൈൽ ഫോണ് ധാരാളം മതി. തുക എത്ര ചെറുതാവട്ടെ വലുതാവട്ടെ ഇതുപയോഗിച്ച് ഇടപാടുകൾ നടത്തുവാൻ കഴിയും. ഫെഡറൽ ബാങ്ക് ഈയിടെ ഇതുപോലൊരു സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ബസിൽ മിനിമം ചാർജിൽ യാത്ര ചെയ്യുന്നതു മുതൽ കോടികളുടെ ഇടപാടുകൾ വരെ, തുക എത്ര ചെറുതായാലും വലുതായാലും, നടത്തുവാൻ സാധിക്കും
വിശദമാക്കാം.

ഇങ്ങിനെ പണം കൈമാറുന്നതിനു, പണം കൊടുക്കുന്നയാളും സ്വീകരിക്കുന്നയാളും തങ്ങളുടെ ഫോണിൽ അല്ലെങ്കിൽ മെഷീനിൽ ഒരു ആപ്ലികേഷൻ  ഡൌൻ ലോഡു ചെയ്യേണ്ടതുണ്ട്. ഇങ്ങിനെ ആപ്ലികേഷൻ  ഡൌൻ ലോഡു ചെയ്യപ്പെട്ട ഫോണുമായി ഒരാൾ ഒരു കടയിൽ പോയി ഒരു സാധനം വാങ്ങുന്നുവെന്നിരിക്കട്ടെ. കച്ചവടക്കാരൻ ബില്ലു തയ്യാറാക്കുന്നു. ആ ബില്ല് ഒരു QR കോഡിന്റെ രൂപത്തിലാണ് അയാളുടെ ഫോണിൽ അല്ലങ്കിൽ മെഷീനിൽ പ്രത്യക്ഷപ്പെടുക. ആ QR കോഡ് സാധനം വാങ്ങുന്നയാൾ അയാളുടെ ഫോണുപയോഗിച്ചു സ്കാൻ ചെയ്യുന്നു. അപ്പോൾ അയാൾ വാങ്ങിയ സാധനത്തിന്റെ മുഴുവൻ വിവരങ്ങളും വിലയും അയാളുടെ ഫോണിൽ തെളിയുകയായി. സമ്മതമെങ്കിൽ ഒകെ ബട്ടനമർതുന്നു ആ സെക്കന്റിൽ തന്നെ അതിന്റെ വില സാധനം വാങ്ങിയ ആളുടെ അക്കൌണ്ടിൽ നിന്നും കച്ചവടക്കാരന്റെ അക്കൌടിലേക്ക് മാറ്റപ്പെടുന്നു. ബില്ലും പ്രിൻറ് ചെയ്യപ്പെടുന്നു. ഇടപാടു കഴിഞ്ഞു.

ശരിക്കു പറഞ്ഞാൽ ഇതും അക്കൗണ്ട്‌ റ്റു അക്കൌണ്ട് ട്രാൻസ്ഫെർ തന്നെയാണ്. അതുകൊണ്ട് ഇനി  ഡെബിറ്റ് / ക്രഡിറ്റ് കാർഡുകൾ ആവശ്യമില്ല. അവയില്ലാതെ തന്നെ ഏതു തരാം ഇടപാടുകളും നടത്തുവാൻ കഴിയുമല്ലോ. എടിഎഎമ്മും (ATM) ആവശ്യമില്ല, കറെൻസി നോട്ടുകൾ ഇല്ലെങ്കിൽ പിന്നെ എന്തിനാണ്  ATM . 

സാധാരണ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പെയ്മെന്റ് നടത്തുമ്പോൾ യഥാർഥത്തിൽ പണം കൈമാറ്റം ചെയ്യപ്പെടുന്നത് പിന്നീടെപ്പോഴോ ആണ്. മാത്രമല്ല  അതിനു മോശമല്ലാത്ത തുക കമ്മിഷനും കൊടുക്കണം. എന്നാൽ ഇവിടെ പണം കൈമാറുന്നതിന് ഒരു മിനിട്ട് പോലും താമസമില്ല. ആർക്കും ഒരു പൈസ പോലും സർവീസ് ചാർജ് ആയിട്ടോ കമ്മിഷൻ ആയിട്ടോ കൊടുക്കേണ്ടതില്ല. ഇതിനു വളരെ ചെറിയ സർവീസ് ചാർജ് മാത്രമേ വരുന്നുള്ളൂ. അതു ബാങ്ക് തന്നെ വഹിക്കും.

സോർസ് വെളിപ്പെടുത്തുവാൻ പറ്റാത്ത, നികുതി കൊടുക്കാത്ത പണം അക്കൌണ്ട് വഴി കൈകാര്യം ചെയ്യുവാൻ സാധിക്കാത്തതുകൊണ്ട് കള്ളപ്പണം വളരെ എഫക്ടീവായി തടയപ്പെടുന്നു.

അതോടെ നാം ഇന്ന് നേരിടുന്ന തീവ്രവാദം, കൈക്കൂലി, അഴിമതി, മോഷണം, ഗുണ്ടായിസം, മാഫിയ,..... എന്നു തുടങ്ങി സകല പ്രശ്നങ്ങളും അവസാനിക്കുന്നു. ജനത്തിനു സ്വൈര്യ ജീവിതം ലഭിക്കുന്നു. കാര്യങ്ങൾക്ക് വേഗം തീർപ്പുണ്ടാകുന്നു. സർക്കാരിന്റെ കാര്യ ക്ഷമത വർധിക്കുന്നു. ഭരണ ചെലവു കുറയുന്ന്നു. അങ്ങിനെ നേട്ടങ്ങൾ അനവധിയാണ്. കോട്ടങ്ങൾ ഒട്ടുമില്ലാ താനും. അഥവാ കോട്ടങ്ങൾ ഉണ്ടെങ്കിൽ അത് കൈക്കൂലി, ഗുണ്ടാ, മാഫിയാദിക്കാർക്കു മാത്രമാണ്. സർക്കാരിന് നികുതി വരുമാനം വൻതോതിൽ വർധിക്കും. ഇങ്ങിനെ അധികമായി പണം ലഭിക്കുന്നതു കൊണ്ട് ഒന്നുകിൽ നികുതി കുറക്കാം അല്ലെങ്കിൽ വികസന പ്രവർത്തനത്തിന് ചെലവഴിക്കാം. 

എന്നാൽ പിന്നെ അങ്ങ് ചെയ്‌താൽ പോരെ? എന്താണ് താമസം? അതിനുള്ള ഉത്തരവും പരിഹാരവും അടുത്ത ദിവസം.





2015 ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

4. ഉരുൾ പൊട്ടൽ



ഇത് ഉരുൾപൊട്ടലിനെക്കുറിച്ചുള്ള തികച്ചും വ്യത്യസ്തമായ ഒരു അഭിപ്രായമാണ്. ഞാൻ ഇക്കാര്യത്തിൽ ഒരു വിദഗ്ദ്ധനല്ല. കഴിഞ്ഞ നാല്പതു കൊല്ലത്തോളമായി ഈ വിഷയത്തിൽ എനിക്ക് കിട്ടിയ അറിവുകൾ എന്റെ യുക്തി യിൽ അപഗ്രഥിച്ചു കിട്ടിയ റിസൾട്ട്‌ ആണിത്. ഇതു പരമാവധി ആളുകളിലേക്ക്‌ ഷെയർ ചെയൂ. വിദഗ്ധർ കാണട്ടെ. അവർ വിലയിരുത്തട്ടെ. അങ്ങിനെ നൂറു ശതമാനവും ശരിയായോരുത്തരം കിട്ടുന്നത് തികച്ചും ശരിയായൊരു പരിസ്ഥിതി നിലപാടെടുക്കുവാൻ സഹായിക്കും.

എന്താണ് ഉരുൾപൊട്ടൽ?  എങ്ങിനെ അതുണ്ടാകുന്നു?

ഈ ചോദ്യങ്ങൾക്ക് ഇതു വരെ നാം കേട്ട ഉത്തരങ്ങൾ എല്ലാം തെറ്റാണ് എന്നാണ് എന്റെ അഭിപ്രായം.

രണ്ടു തരം വിശദീകരണങ്ങൾ ആണ് പ്രധാനമായും കേൾക്കുന്നത്

ഒന്നിങ്ങനെയാണ്. മണ്ണിലേക്കിറങ്ങുന്ന വെള്ളം മൂലം മണ്ണിൻറെ ബോണ്ടിംഗ് നഷ്ട്ടപ്പെടുന്നതിനാൽ  മണ്ണ് താഴേക്കു ഊർന്നിറങ്ങുന്നു. ഇതിന്റെ വീഡിയോകളും സ്റ്റിൽസും ആണ് പലപ്പോഴും ഉരുൾപൊട്ടൽ എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്നത്.

ഇത്  മലയിടിച്ചിൽ മണ്ണിടിച്ചിൽ എന്നൊക്കെപ്പറയുന്ന landslide ആണ്. ഇതിൽ വെള്ളം വളരെക്കുറച്ചേ ഉണ്ടാകൂ. മുഴുവനും കല്ലും മണ്ണും ചെളിയും ഒക്കെയായിരിക്കും. ഇതല്ല കേരളത്തിൽ ഉണ്ടാകുന്ന ഉരുൾപൊട്ടൽ. ഇവിടുണ്ടാകുന്ന ഉരുൾപൊട്ടലിൽ വെള്ളമാണ് പ്രധാന ഖടകം. വെള്ളമെന്നുവച്ചാൽ ഒരു നാടിനെ മുഴുവൻ പ്രളയ ജലത്തിൽ മുക്കുവാൻ പോന്ന അത്ര വെള്ളം.

അടുത്തതിങ്ങനെ. മഴ പെയ്യുമ്പോൾ ഉണ്ടാകുന്ന വെള്ളം മണ്ണിലേക്കിറങ്ങി മർദ്ദം കൂടിക്കൂടി താങ്ങാനാവാതെ വരുമ്പോൾ പൊട്ടി ത്തെറിക്കുന്നു. ഇതും തെറ്റാണ്.

വിശദീകരിക്കാം. ഒരു ശരാശരി ഉരുൾ പൊട്ടലിലൂടെ ഉണ്ടാകുന്നത് ഒരു നാടിനെ മുഴുവൻ പ്രളയ ജലത്തിൽ മുക്കുവാൻ പോന്ന അത്ര വെള്ളം ആണ്. ഈ വെള്ളം എവിടെ നിന്നു വരുന്നു? മണ്ണിൽ നിന്നാണെങ്കിൽ അവിടെ ഇത്രയും വെള്ളം ഉൾക്കൊള്ളുവാൻ ആവശ്യമായത്ര ഇടം (സ്പേസ് അതായത് room) വേണം. ഉരുൾ പൊട്ടിയ പല സ്ഥലങ്ങളും ഞാൻ നേരിട്ട് പരിശോധിച്ചിട്ടുണ്ട്. അവിടെയൊന്നും ഇത്രയും വെള്ളം ഉൾക്കൊള്ളുവാൻ തക്ക വലിപ്പമുള്ള ഗുഹ പോയിട്ട് ഒരു എലി മടയുടെ വലിപ്പമുള്ള പൊത്തു പോലും കാണുന്നില്ല. വളരെ ചെറിയ ഏതാനും ഉറവ മാത്രമാണ് കാണുന്നത്. വളരെ ചെറിയ ഒരു കൈത്തോടിൽക്കൂടി (Stream) ഒഴുകുവാനുള്ള വെള്ളം പോലും അവയിൽ നിന്നും വരുന്നുമില്ല. ഈ വാദം ഫിസിക്സിലെ, "ഏതൊരു വസ്തുവിനും സ്ഥിതി ചെയ്യുവാൻ സ്ഥലം (സ്പേസ് അതായത് room) ആവശ്യമാണ്" എന്ന അടിസ്ഥാന തത്വത്തെയാണ് വെല്ലുവിളിക്കുന്നത്.

ഏക്കർ കണക്കിന് സ്ഥലവും അനേകം വീടുകളും വൻ മരങ്ങളും വൻ പാറക്കൂട്ടങ്ങളും മനുഷ്യരും വരെ, പലപ്പോഴും കിലോമീറ്ററുകൾ ദൂരെ വരെ, ഒലിച്ചുപോയ സ്ഥലങ്ങളിലെ കാര്യമാണീ പറയുന്നത്.

എന്തുകൊണ്ട് മലയുടെ ചെരിവിൽ മാത്രം ഉരുൾ പൊട്ടുന്നു? സമതലങ്ങളിൽ പൊട്ടുന്നില്ല. എന്തുകൊണ്ട് ശക്തിയായ കാറ്റും മഴയും ഉള്ളപ്പോൾ മാത്രം ഉരുൾ പൊട്ടുന്നു? മർദ്ദം കൂടിയിട്ടാണ് പൊട്ടുന്നതെങ്കിൽ സ്വാഭാവികമായും താഴ്വാരങ്ങളിൽ ആയിരുന്നു പൊട്ടേണ്ടിയിരുന്നത്. കാറ്റും മഴയും ഉള്ളപ്പോൾ മാത്രമല്ലാ കാറ്റില്ലാത്തപ്പോഴും മഴയില്ലാത്തപ്പോഴും പൊട്ടണമായിരുന്നു. എന്നാൽ ഇവിടെ പൊട്ടുന്ന ഉരുളുകൾ മുഴുവൻ കാറ്റിന്റെയും മഴയുടെയും കൂടെയാണ് സംഭവിക്കുന്നത്‌. അതുകൊണ്ടാണ് ഇതുവരെ ആർക്കും അതിന്റെ ഫോട്ടോ എടുക്കുവാൻ കഴിയാത്തത്.

മണ്ണിനു ഉൾക്കൊള്ളുവാൻ കഴിയുന്ന വെള്ളത്തിനു ഒരു പരിധിയുണ്ട്. അത് കഴിഞ്ഞു വെള്ളം ഉള്ളിലോട്ടു കയറണമെങ്കിൽ ശക്തിയായി മർദ്ദം ചെലുത്തിയാൽ മാത്രമേ കയറൂ. ഇവിടെ താരതമ്യേന മലയുടെ മുകൾഭാഗത്തുള്ള മണ്ണിൽക്കയറുന്ന വെള്ളത്തിന്റെ ഗ്രാവിറ്റേഷനൽ ഫോഴ്സ് മൂലം മർദ്ദം ഉയരാം. അങ്ങിനെ ഉയരുമ്പോൾ ആണ് ഉറവ ഉണ്ടാകുന്നത്. ഇങ്ങിനെ ഉറവ ഉണ്ടാകുന്നതു  കൊണ്ട് ഒരിക്കലും പരിധി വിട്ടു മർദ്ദം ഉയരുകയില്ല. കേരളത്തിലെ ഉരുൾ പൊട്ടലുകളുടെ ചരിത്രമെടുത്തു പരിശോധിച്ചുകൊള്ളൂ ഞാൻ ഈ പറയുന്നത് സത്യമാണെന്ന് ബോധ്യമാകും. കഴിഞ്ഞ പത്തു നാല്പതു വർഷങ്ങളായി ഞാനിതു ശ്രദ്ധിക്കുന്നു.

അപ്പോൾ പിന്നെ ഭൂമിയിൽ നിന്നും പൊട്ടിത്തെറിക്കുകയാണെന്ന വാദവും പൊളിയുന്നു.

ഉരുൾ പൊട്ടലിൽനിന്നും തലനാരിഴക്ക് മാത്രം രെക്ഷപെട്ടൊരാളെ നേരിൽ കാണുവാനും അദ്ദേഹവുമായി സംസാരിക്കുവാനും ഒരിക്കൽ അവസരം ലഭിച്ച്ട്ടുണ്ട്. അപ്പോൾ ലഭിച്ചതും സ്ഥലപരിശോധനയിൽ നിന്നും ലഭിച്ച തും ആയ വിവരങ്ങളുടെയും എന്റെ ഇതു വരെയുള്ള പഠനങ്ങളുടെയും അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ എനിക്ക് കിട്ടുന്ന ഉത്തരം ഇങ്ങിനെയാണ്.

ഉരുൾ പൊട്ടുന്നത് ആർക്കും കാണുവാൻ കഴിയില്ല. കാരണം ദൂരക്കാഴ്ച അപ്പോൾ ഏറിയാൽ പത്തടിയോളം മാത്രമാണ്. അതിലപ്പുറം ഒന്നും കാണുവാൻ കഴിയുകയില്ല. അതി ശക്തമായ കാറ്റിന്റെയും മഴയുടെയും അകമ്പടിയോടു കൂടി മാത്രമേ ഉരുൾ പൊട്ടിയ ചരിത്രമുള്ളൂ. ഉരുൾ പൊട്ടുമ്പോൾ വെള്ളം ഭൂമിയിൽ നിന്നും മുകളിലേക്ക് തെറിക്കുകയല്ല മറിച്ച് കിലോമീറ്ററുകൾ മുകളിൽ നിന്നും താഴേക്കു പതിക്കുകയാണ് ചെയ്യുന്നത്. അതും ആ പ്രദേശത്തെ മുഴുവൻ പ്രളയത്തിൽ ആക്കുവാൻ പര്യപ്തമായാത്ര വെള്ളം. എവിടെ നിന്നു വരുന്നൂ ഈ വെള്ളമാല്ലാം? ഏതായാലും ഭൂമിയിൽ നിന്നല്ല എന്നുറപ്പാണ്. അപ്പോൾ പിന്നെ ഇനി മുകളിൽ നിന്നല്ലാതെ തരമില്ല.

ശക്ത്തിയായ മഴയോടും കാറ്റോടും കൂടി മാത്രമേ ഉരുൾ പൊട്ടലുണ്ടാകുന്നുള്ളൂ. അപ്പോൾ അത് ഒരു ചുഴലിക്കാറ്റ് ആയിരിക്കണം. എന്നുവച്ചാൽ സാധാരണ ചുഴലിക്കാറ്റ് അല്ല. ഈ ചുഴലിക്കാറ്റിന്റെ പ്രത്യേകത മൂലം ഭൂമിയിൽ നിന്നും കിലോമീറ്ററുകൾ മുകളിൽ ഒരു വലിയ പാത്രം പോലെ, കിലോമീറ്ററുകൾ വ്യാസമുള്ള, ഒരു പ്രദേശം രൂപപ്പെടുന്നു. ഇവിടെ ക്യുബിക് കിലോമീറ്റർ കണക്കിന് വെള്ളം ശേഖരിക്കപ്പെടുന്നു. ഒരു ക്യുബിക് കിലോമീറ്റർ എന്നാൽ ഒരു കിലോമീറ്റർ നീളം ഒരു കിലോമീറ്റർ വീതി ഒരു കിലോമീറ്റർ ഉയരം. ഈ വെള്ളം ശേഖരിക്കുന്നതിന് ഒരു മീറ്റർ ആഴവും ഒരു കിലോമീറ്റർ വീതിയുമുള്ള ഒരു പാത്രം ഉപയോഗിക്കുന്ന പക്ഷം ആ പാത്രത്തിനു നൂറു കിലോമീറ്റർ നീളമുണ്ടായിരിക്കും. ഞാനിത്ര വിശദീകരിക്കുന്നത് ഒരു ശരാശരി ഉരുൾ പൊട്ടലിൽ ഉണ്ടാകുന്ന വെള്ളത്തെക്കുറിച്ച് ഒരു ധാരണ ഉണ്ടാകുന്നതിനാണ്. ഇങ്ങിനെ രൂപപ്പെടുന്ന പ്രദേശത്ത് ശേഖരിക്കപ്പെടുന്ന വെള്ളത്തിന്റെ ഗ്രാവിറ്റേഷനൽ ഫോഴ്സ് എപ്പോൾ ചുഴലിക്കാറ്റിനെ ബ്രേക്ക് ചെയ്യുന്നോ അപ്പോൾ ചുഴലി ക്കാറ്റിനാൽ ശേഖരിക്കപ്പെട്ടിരിക്കുന്ന മൊത്തം വെള്ളവും ഏതാനും സെക്കൻഡുകൾക്കുള്ളിൽ താഴേക്കു പതിക്കുന്നു. ഒരു നാടിനെ മുഴുവനും പ്രളയത്തിൽ ആക്കുവാൻ ഈ വെള്ളം ധാരാളം മതി. ഇത്രയും വെള്ളം ഏതാനും സെക്കണ്ടുകൾ കൊണ്ട് താഴേക്കു പതിക്കുമ്പോഴുണ്ടാകുന്ന ഫോഴ്സിൽ ഏതു വൻ മരവും കെട്ടിടവും എന്തിന് വൻ പാറകൾ വരെ തെറിച്ചുപോകും. ഇങ്ങിനെ തെറിക്കുന്നതു കൊണ്ടാകാം ഭൂമിയിൽ നിന്നും പൊട്ടിത്തെറിക്കുകയാണെന്ന് ധാരണ വരുവാനും ഉരുൾ പൊട്ടൽ എന്ന പേരുണ്ടാകുവാനും കാരണം.


മലഞ്ചെരുവിൽ മാത്രം എന്തുകൊണ്ട് ഉരുൾ പൊട്ടുന്നു? ഉരുൾ പൊട്ടലുണ്ടാകാൻ പാകത്തിനുള്ള     ചുഴലിക്കാറ്റുണ്ടാകുന്നത് മലഞ്ചെരുവിനു മുകളിൽ ആണെന്നത് കൊണ്ടായിരിക്കണം.






2015 ഒക്‌ടോബർ 8, വ്യാഴാഴ്‌ച

3. ഞാൻ ലോകത്തെയങ്ങു നന്നാക്കുവാൻ തീരുമാനിക്കുകയാണ്



ലോകത്തെ നന്നാക്കുവാനൊ?!!!!.... യേശു ക്രിസ്തു മുതൽ ഗാന്ധിജി വരെ ശ്രമിച്ചിട്ട് ഒരു തരി പോലും നന്നായില്ല. പിന്നെയാ...... ഇതു കേട്ട എന്റെ അടുത്ത സുഹൃത്തുക്കൾ എന്നെ പരിഹസിക്കുന്നു. അതു ശരിയാ. പക്ഷെ അന്നത്തെ സാഹചര്യമല്ല ഇന്ന്. അന്ന് ഉപദേശിച്ചു മാത്രം നന്നാക്കേണ്ടിയിരുന്നു. ഇന്നതല്ല സ്ഥിതി. ഇന്ന് ടെക്നോളജി യുടെ സഹായം കൂടിയുണ്ട്. ടെക്നോളജി യെ ക്കൂടി ഉപയോഗപ്പെടുത്തിയാൽ ഏതു കാര്യവും നമ്മുടെ വരുതിയിൽ നിൽക്കും
 

എനിക്കിപ്പോൾ അറുപത്തഞ്ചു വയസ്. എന്നു വച്ചാൽ വിശ്രമ ജീവിതത്തിൽ എന്നു പറയാം. ഒന്നു കൂടി വ്യക്ത്തമായി പറഞ്ഞാൽ വിശ്രമജീവിതം ആസ്വദിക്കുകയാണ്. അങ്ങിനെയുള്ളപ്പോൾ ആണല്ലോ നാടിനെ മുഴുവനുമങ്ങ് നന്നാക്കികളയാം എന്നൊക്കെ തോന്നുക.

എന്റെയീ സൌഭാഗ്യങ്ങളെല്ലാം എന്റെ മിടുക്കുകൊണ്ടുണ്ടായതാണ് എന്നും നിങ്ങളിൽ പലർക്കും ആ മിടുക്കില്ലാത്തതാണ് നിങ്ങൾക്കു സൌഭാഗ്യങ്ങളില്ലെങ്കിൽ അതിനു കാരണമെന്നും ഞാൻ കരുതുന്നതുകൊണ്ടായിരിക്കാം ഇങ്ങിനെയൊക്കെ ചിന്തിക്കുവാൻ ഒരു പക്ഷെ എന്നെ പ്രേരിപ്പിക്കുന്നത്. അതെന്തുമാവട്ടെ. വിഷയത്തിലേക്ക് വരാം.

അതിന്റെ ആദ്യ പടിയായി ആദ്യം സ്വന്തം നാട്. അതായത് കേരളം. പിന്നെ ഇന്ത്യ. അതു കഴിഞ്ഞു ലോകം. ആദ്യം ചെറിയ ചെറിയ കാര്യങ്ങൾ. പിന്നെ പിന്നെ വലുതിലേക്ക്. അതിന്റെ ആദ്യ പടിയാണ് ലോട്ടറി വിഷയത്തിലുള്ള എന്റെ പോസ്റ്റിങ്ങ്. അതിന്റെ തുടക്കത്തിൽഞാൻ ലോട്ടറിക്ക് നൂറു ശതമാനവും എതിരായിരുന്നുവെങ്കിലും അവസാനത്തെക്കെത്തുമ്പോൾ എന്റെ നിലപാട് ഒന്ന് മയപ്പെടുന്നതായി കാണാം. അത് വിഷയത്തെ മറ്റൊരാങ്കിളിൽകൂടി കണ്ടതാണ്. ഇപ്പോഴും എന്റെ നിലപാട് ലോട്ടറി തട്ടിപ്പാണെന്നു തന്നെയാണ്. മനുഷ്യനെ വെറുതെ വ്യാമോഹിപ്പിച്ചു പറ്റിക്കുകയാണ്.

മനുഷ്യനെ ഉപദേശിച്ചു നന്നാക്കുവാൻ കഴിയില്ല. അങ്ങിനെ കഴിയുമായിരുന്നെകിൽ എത്ര പണ്ടേ അവൻ നന്നാകേണ്ടാതായിരുന്നു. അതിനു കാരണം അവൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അത്തരത്തിലാണ് എന്നതാണ്. അടിസ്ഥാനപരമായി ഓരോരുത്തരും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് നൂറു ശതമാനവും സ്വാർഥൻ ആയിട്ടാണ്. സ്വാർഥത എന്നത് മാത്രമാണ് സത്യം. നിസ്വാർധത എന്നത് വെറും സങ്കല്പമാണ്. അങ്ങിനെയൊന്നില്ല. അഥവാ അങ്ങിനെയൊന്നുണ്ടെങ്കിൽ അത് ഒരമ്മക്ക് തന്റെ സ്വന്തം കുഞ്ഞിനോട് ഉള്ളതു മാത്രമാണ്. ഒരമ്മ തന്റെ കുഞ്ഞിനെ സ്നേഹിക്കുന്നത് തിരിച്ചൊന്നും പ്രതീക്ഷിചിട്ടല്ല. ബാക്കി എല്ലാവരുടെതും കണ്ടീഷൻ വച്ചുള്ള സ്നേഹമാണ്. തിരിച്ചിങ്ങോട്ടും കിട്ടിയില്ലങ്കിൽ മട്ടു മാറും. ഇതൊക്കെ യധാർധ്യങ്ങൾ ആണ്.

എന്തു കൊണ്ടാണ് മനുഷ്യൻ എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും തെറ്റിപ്പോകുന്നത്. അതിനു പല കാരണങ്ങൾ ഉണ്ട്. തികച്ചും വ്യത്യസ്തമായ വസ്തുതകളെ അപഗ്രഥിച്ച് ഒരു തീരുമാനം എടുക്കേണ്ടി വരുമ്പോൾ എല്ലാ വസ്തുതകളും ഒരേ തീക്ഷണതയോടുകൂടി മനസിലേക്ക് എല്ലായ്പോളും വന്നു കൊള്ളണമെന്നില്ല. കൂടാതെ ജന്മനാ ഉള്ള അവനിലെ സ്വാർധതയും. ഇവ രണ്ടും ആണ് തീരുമാനങ്ങൾ തെറ്റിപ്പോകുന്നതിന്റെ പ്രധാന കാരണങ്ങൾ.

അപ്പോൾ പിന്നെ എന്താണു വഴി. വഴിയുണ്ട്. കഴിയുന്നത്റ കാര്യങ്ങൾ കംപ്യുട്ടറിനെ ഏൽപ്പിക്കുക. കമ്പ്യൂട്ടർ പക്ഷപാതിത്വം കാണിക്കില്ല. തെറ്റ് പറ്റില്ല. സെക്കന്റ് കൾക്കുള്ളിൽ തീരുമാനം വരും. അത് നൂറു ശതമാനവും ശരിയും നിഷ്പ്പക്ഷവും ആയിരിക്കും. ഇന്നത്തെ കമ്പ്യൂട്ടർ ഏതു ജോലിയും കുറ്റമറ്റ രീതിയിൽ നിമിഷങ്ങൾക്കുള്ളിൽ ചെയ്തു തീർക്കുവാൻ പ്രാപ്തമാണ്.





2015 ഒക്‌ടോബർ 7, ബുധനാഴ്‌ച

2. ലോട്ടറി (എന്റെ അനുഭവക്കുറിപ്പുകൾ)

         
എല്ലാവരും ലോട്ടറി എടുക്കുന്നത് ഒന്നാം സമ്മാനം കിട്ടുവാൻ തന്നെയാണ്. അല്ലാതെ രണ്ടാം സമ്മാനത്തിനു വേണ്ടിയല്ല. എന്നാൽ ലോട്ടറിയടിക്കുന്നതോ ഒരാൾക്കു മാത്രവും. അതായത് ടിക്കറ്റെടുത്ത അമ്പതു ലക്ഷത്തിൽ ഒന്നൊഴിച്ച് ബാക്കിയെല്ലാവരും കബളിപ്പിക്കപ്പെടുന്നു. ഇതിലും എത്രയോ ഭേദമാണ് പണം വച്ചുള്ള ചീട്ടുകളിയും കുലുക്കിക്കുത്തുമെല്ലാം. ഇവയിൽ ഏതാനും പേരിൽ ഒരാൾക്കെങ്കിലും പണം ലഭിക്കുന്നു. എന്നാൽ ലോട്ടറിയിലോ. അമ്പതു ലക്ഷത്തിൽ ഒരാൾക്ക്‌.

പാവം ജനത്തിനെ വെറുതെ വ്യാമോഹിപ്പിച്ചു പറ്റിക്കുകയാണ്.
സർക്കാരാണ്‌ ഇതു ചെയ്യുന്നത് എന്നു വച്ച് തട്ടിപ്പ് തട്ടിപ്പല്ലാതാവുമൊ?

എന്റെ ഓർമയിൽ അറുപതുകളുടെ ആരംഭത്തിലാണ് കേരളത്തിൽ ലോട്ടറി ആരംഭിക്കുന്നത്. ഞാൻ അന്ന് സ്കൂളിൽ പഠിക്കുന്നു. ആദ്യം സ്വകാര്യ മേഖലയിൽ ആയിരുന്നു ലോട്ടറി. അന്ന് വളരെ പ്രശസ്തമായ രീതിയിൽ വിജയകരമായ നടത്തിയ ലോട്ടറി ആണ് കോട്ടയം പബ്ലിക് ലൈബ്രറിയുടേത്. അംബാസഡർ കാർ ആയിരുന്നു ഒന്നാം സമ്മാനം. പന്തീരായിരം രൂപയായിരുന്നു കാറിന്റെ വില എന്നാണോർമ്മ. അതിന്റെ വൻ വിജയം കേരളത്തിൽ എമ്പാടും ലോട്ടറി കൂണ് പോലെ മുളച്ചു പൊന്താൻ ഇടയാക്കി. കൂടുതലും കള്ള നാണയങ്ങൾ. അന്നത്തെ സർക്കാരിടപെട്ടു. ലോട്ടറി ദേശസാൽക്കരിച്ചു. സർക്കാർ നേരിട്ട് ലോട്ടറി നടത്തുവാൻ തുടങ്ങി. അങ്ങിനെ സർക്കാർ നേരിട്ടു ലോട്ടറി നടത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം.

എണ്‍പതുകളുടെ ആദ്യം. ഒരു ദിവസം ഞാൻ എന്റെ കടയിൽ ഇരിക്കുമ്പോൾ ഒരു ലോട്ടറി വിൽപ്പനക്കാരൻ എന്നെ സമീപിച്ചു. ലോട്ടറിയുടെ കടുത്ത വിമർശകനായ ഞാൻ സ്വാഭാവികമായും അതു നിരസിച്ചു. അയാൾ തൊട്ടടുത്ത കടക്കാരനെയും സമീപിച്ചു. അയാളും നിരസിച്ചു. മൂന്നാമത്തെ കടക്കാരനും നിരസിച്ചു. എന്നാൽ അതിനടുത്ത കടക്കാരൻ അതു വാങ്ങി. ലോട്ടറി വാങ്ങാത്ത ഞങ്ങൾ മൂന്നു പേരും ചേർന്ന് വാങ്ങിയ ആളെ വിമർശിച്ചു. ഇതു വല്ലതും അടിക്കുവാൻ പോകുന്നോ. വെറുതെ കാശ് കളഞ്ഞില്ലേ. പത്തു മുപ്പതു ലക്ഷം ടിക്കറ്റ് ആണ് വിറ്റു പോകുന്നത്. അതിൽ നിന്നെങ്ങിനെ അടിക്കാനാണ്‌. ഇങ്ങിനെ പോയി ഞങ്ങളുടെ വാദങ്ങൾ. അയാൾ ഒന്നും മിണ്ടിയില്ല.

ഏതാനും ദിവസം കഴിഞ്ഞ് ഒരു ദിവസം. ലോട്ടറി വാങ്ങിയ കടക്കാരന്റെ കടക്കു മുന്നിൽ ചെറിയൊരാൾക്കൂട്ടം. സമയം കഴിയും തോറും ആൾക്കൂട്ടം വലുതായി വരുന്നു. ആ വഴി വരുന്നവരൊന്നും അവിടെ നിന്നും പോകുന്നില്ല. ആരും കടയിലേക്ക് കയറുന്നുമില്ല. കടയിലേക്കു തന്നെ നോക്കി നില്ക്കുന്നു. അപ്പോൾ അടുത്ത കടക്കാരൻ എന്റെയടുത്തേക്കു വന്നിട്ടു പറഞ്ഞു. ജോസേ നമ്മൾ എടുക്കാതെ വിട്ട ടിക്കറ്റിനു ലോട്ടറി അടിച്ചു!!!!... ദൈവമെ!!!!..... എന്തുപറയാൻ. അല്പം കഴിഞ്ഞ് ഞാൻ അങ്ങോട്ടു ചെന്നു. കൈ പിടിച്ച് അഭിനന്ദിചിട്ടു സോറി പറഞ്ഞു. യേയ് കുഴപ്പമില്ല, അയാൾ പറഞ്ഞു.

അടിച്ചത് പത്തു ലക്ഷം. കയ്യിൽ കിട്ടിയത് ആറര ലക്ഷം. അത്യാവശ്യം കടങ്ങൾ വീട്ടി. സഹോദരങ്ങൾക്ക് ചില്ലറ സഹായവും ചെയ്തു. ബാക്കി തുക കൊണ്ട് ആറര ഏക്കർ ഭൂമി വാങ്ങി അതിൽ ഒരു വീടും വച്ചു. ഇന്ന് ആ സ്ഥലത്തിനു ആറു കോടിയിലേറെ വില മതിക്കും. 

ഒരു വ്യഴവട്ടക്കാലവും കൂടി കഴിഞ്ഞു. തൊണ്ണൂറുകളുടെ മദ്ധ്യം. എന്റെ തൊഴിലിലും ജീവിതത്തിലും വലിയ മാറ്റങ്ങൾ വന്നു. ഇപ്പോൾ ഞാൻ ദുബായിൽ ആണ്. ഇവിടെ എത്തിയിട്ട് അധികമായിട്ടില്ല.

ഒരു അവധി ദിവസം. നാട്ടുകാരനായ ഒരു സുഹൃത്ത് വന്നിട്ടു ചോദിച്ചു. ഞങ്ങൾ ആറു പേരു ചേർന്ന് അബുദാബി ഡ്യൂട്ടി ഫ്രീ യുടെ ടിക്കറ്റെടുത്തി ട്ടുണ്ട്.  ടിക്കറ്റിന് മൊത്തം അറുന്നൂറു ദിറംസ്. ആളൊന്നുക്ക് നൂറു ദിറംസ്. അതിൽ ഒരാൾ പിമാറി. അതു കൊണ്ട് ഒരു ഷെയർ ബാക്കിയുണ്ട്. വേണോ? എന്റെ പഴയ ആദർശം വീണ്ടും തല പൊക്കി. പഴയതു പോലെ നിശിതമായി വിമർശിച്ചു. അയാൾ ഒന്നും പറഞ്ഞില്ല. തിരിച്ചു പോയി. പെട്ടെന്ന് എന്റെ മനസിൽക്കൂടി ഒരു മിന്നൽപ്പിണർ പാഞ്ഞു പോയി. ആ പഴയ സംഭവം ഓർമയിലേക്കു വന്നു. ഇനിയെങ്ങാനും അടിക്കുമോ? എയ് ഇല്ല.  രണ്ടു പേരെ വച്ച് നറുക്കിട്ടാൽ പോലും അടിക്കാറില്ല, അൻപതു ശതമാനം ചാൻസ് ഉണ്ടായിട്ടു പോലും. പിന്നെയാ ഇത്. സ്വയം സമാധാനിച്ചു.

ഏതാനും ആഴ്ചകൾ കഴിഞ്ഞ് ഒരു ദിവസം എന്റെ ഓഫീസിലേക്ക് എനിക്കൊരു കോൾ. അന്ന് ഇന്നത്തെ പ്പോലെ മൊബൈൽ സർവസാധാരണ മായിട്ടില്ല. ഇറങ്ങി തുടങ്ങിയിട്ടേയുള്ളൂ. ലോട്ടറി വേണോ എന്നു ചോദിച്ച സുഹൃത്താണ്. ഞങ്ങൾക്കടിച്ചു ജോസേ ഡ്യൂട്ടി ഫ്രീ!!!!.... അപ്പോഴത്തെ എന്റെ അവസ്ഥ വിവരിക്കുവാൻ വാക്കുകൾ ഇല്ല.

എനിക്ക് അത്ര പെട്ടെന്ന് ഉൾക്കൊള്ളുവാൻ കഴിയുന്നതായിരുന്നില്ല അത്. മുഖത്തേറ്റ അടിക്കു തുല്യമായിരുന്നു. ഒരു പ്രാവശ്യം ലോട്ടറി അടിക്കുന്നതിനുള്ള ചാൻസു തന്നെ അൻപതു ലക്ഷത്തിനൊന്നാണ്. അതു തന്നെ വീണ്ടും സംഭവിക്കുക എന്നു പറഞ്ഞാൽ തികച്ചും അസംഭവ്യം. അതാണിവിടെ സംഭവിച്ചിരിക്കുന്നത്. ഈ വിഷയത്തിലുള്ള എന്റെ വിശ്വാസങ്ങളും ധാരണകളും പുനപ്പരിശോധനക്കു വിധേയമാക്കി. നിലപാട് മാറ്റേണ്ടതുണ്ടോ? ഇല്ല. ഒരിക്കലുമില്ല ലോട്ടറി തട്ടിപ്പു തന്നെ.  പക്ഷെ ചെറിയൊരു പരിഷ്കരണം വേണം. ഇതു വരെയുള്ള എന്റെ ഒരു രീതി ഒന്നിനെയും അന്ധമായി വിശ്വസിക്കരുതെന്നായിരുന്നു. അതിങ്ങനെ പരിഷ്ക്കരിച്ചു. ഒന്നിനെയും അന്ധമായി വിശ്വസിക്കുകയോ അവിശ്വസിക്കുകയോ അരുത്. അതോടൊപ്പം ഒരു യാധാർധ്യം കൂടി എന്റെ മനസിലേക്ക് തെളിഞ്ഞു വന്നു. ലോട്ടറി എടുക്കാത്തവന് ലോട്ടറി അടിക്കില്ല. 

സുഹൃത്തിന് ഷെയർ ഒരു ലക്ഷം ദിറംസ് കിട്ടി. അന്നത്തെ റേറ്റ് വച്ച്‌ ഒൻപതു ലക്ഷത്തോളം രൂപ. അദ്ദേഹം കോഴിക്കോട്  മൂഴിക്കലിൽ പതിന്നാലു സെന്റു സ്ഥലവും ഒരു ചെറിയ വീടും വാങ്ങി.

അന്നത്തെ ആ സംഭവത്തിനു ശേഷം എപ്പോഴൊക്കെ ദുബൈ ഡ്യൂട്ടി ഫ്രീ വഴി പോയിട്ടുണ്ടോ അപ്പോഴൊക്കെ ടിക്കറ്റ് എടുത്തിട്ടുണ്ട്. എല്ലാം വെറുതെയായി. ലോട്ടറി അടിച്ച നമ്പരിന്റെ അടുത്തു കൂടെ പോലും പോയില്ല. ഏറ്റവും ചുരുങ്ങിയത് പത്തിരുപതു ടിക്കറ്റെങ്കിലും എടുത്തിട്ടുണ്ടാകും. എന്നുവച്ചാൽ ഇരുപതിനായിരം ദിറംസ്. ഇന്നത്തെ നിരക്കിൽ മൂന്നര ലക്ഷത്തിനു മുകളിൽ ഇന്ത്യൻ രൂപ.

ലോട്ടറി യെക്കുറിച്ച് ഇന്നത്തെ എന്റെ അഭിപ്രായമെന്താണ്? നിലപാടിൽ മാറ്റമുണ്ടോ? എല്ലാവർക്കും അറിയുവാൻ താലപ്[പര്യമുണ്ടാകും.
ലോട്ടറി ശുദ്ധ തട്ടിപ്പാണ് എന്നതിൽ സംശയമൊന്നുമില്ല. എങ്കിലും ഞാൻ വല്ലപ്പോഴുമൊക്കെ ലോട്ടറി എടുക്കാറുണ്ട്. ശുദ്ധ തട്ടിപ്പാണ് എങ്കിൽ പിന്നെ എന്തിനെടുക്കുന്നു? ഇതാണ് അതിനുള്ള മറുപടി. ലോട്ടറി എടുക്കാത്തവന് ലോട്ടറി അടിക്കില്ല. ഒരുവൻ ലോട്ടറി ടിക്കറ്റുമായി  മുന്നിൽ നിൽക്കുമ്പോൾ തോന്നുക അതിലെ ഒന്നാം സമ്മാനവുമായി (സ്വപ്ന തുല്യമായത്ര പണവുമായി ) ഒരാൾ തൊട്ടുമുന്നിൽ നില്ക്കുന്നതായാണ്. ആ സമയത്ത് മറ്റെല്ലാം മറക്കും. അതു കൊണ്ടാണ് ടിക്കറ്റെടുത്തുപോകുന്നത്.

അമ്പതു ലക്ഷത്തിലൊന്നിനു മാത്രം ചാൻസുള്ള ഒരു സംഭവം എന്റെ തൊട്ടടുത്തുകൂടി പോയില്ലേ. ഞാൻ നിരസിച്ചതുകൊണ്ടു മാത്രമല്ലേ എനിക്ക് ലഭിക്കാതെ പോയത്. അതും ഒന്നല്ല രണ്ടു പ്രാവശ്യം. ഇനി അത് ഒന്നു കൂടി  ആവർത്തിക്കില്ല എന്ന് എങ്ങിനെ പറയുവാനാകും.
ഇതിന് ഒരു മറുവശം കൂടിയുണ്ട്. എത്രയോ പ്രാവശ്യം എന്റെ മുന്നിൽ വന്ന ടിക്കറ്റുകൾ ഞാൻ നിരസിച്ചിട്ടുണ്ട്. അതിൽ രണ്ടെണ്ണത്തിൽ മാത്രമേ എനിക്ക് തെറ്റു പറ്റിയിട്ടുള്ളൂ. ബാക്കി എല്ലാത്തിലും എന്റെ തീരുമാനം ശരിയായിരുന്നു. അപ്പോൾ പിന്നെ ഇതെങ്ങിനെ അവസാനിപ്പിക്കാം. ഇങ്ങിനെ ആകാമെന്നു തോന്നുന്നു.

ഒന്നും അമിതമാകരുത്. എന്നുവച്ചാൽ ആവേശം പാടില്ല. വല്ലപ്പൊഴുമെക്കെ ഒരു ടിക്കറ്റെടുക്കാം.  പോണെങ്കിൽ പോകട്ടെ. കിട്ടുന്നെങ്കിൽ കിട്ടട്ടെ. ചെറിയ തുകയല്ലേ. അല്ലെങ്കിൽ തന്നെ എത്ര പണം അത്ര അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്കു ചെലവാകുന്നു.

ഇപ്പോൾ ഞാൻ വിശ്രമ ജീവിതത്തിലാണ് എന്നു വേണമെങ്കിൽ പറയാം. കാശുണ്ടാക്കുന്ന ഒരു പണിയും ചെയ്യുന്നില്ല. മക്കൾ ആണ് കുടുംബം നോക്കുന്നത്. ഇന്ത്യാ രാജ്യത്ത് പ്രസിഡന്റിനുള്ള സ്ഥാനമാണ് എനിക്ക് കുടുംബത്തിലുള്ളത്. പ്രധാനമന്ത്രി രാജ്യം ഭരിക്കുന്നു. പ്രസിഡന്റ്‌ ഒപ്പിടുന്നു. എന്നു വച്ച് ഞാൻ വെറും റബ്ബർ സ്റ്റാമ്പ് ആണെന്നൊന്നും കരുതേണ്ട. എനിക്കും ചില വീറ്റോ പവർ ഒക്കെയുണ്ട്. അത് ഇതു വരെ ഉപയിഗിക്കേണ്ടി വന്നിട്ടില്ല എന്നു മാത്രം.


വല്ലപ്പോഴുമൊക്കെ ഇപ്പോഴും ലോട്ടറി എടുക്കാറുണ്ട്. ഇന്നു വരെ ഒരു ലക്കി പോലും അടിച്ചിട്ടില്ല. ഏതാണ്ട് ഒരു വർഷം മുൻപ് ഒരു കോടിക്ക് 240 നമ്പറിനു അടുത്തു കൂടി പോയി. അതാണ്ആകെയുണ്ടായിരിക്കുന്നത്. 241-ആ മത്തെ ടിക്കറ്റ് ആയിരുന്നു അന്ന് എടുത്തിരുന്നതെങ്കിൽ!  ദൈവമെ!!!!!... ആലോചിക്കാനേ വയ്യ!