2015 ഡിസംബർ 15, ചൊവ്വാഴ്ച

മുല്ലപ്പെരിയാർ പൊട്ടുമോ?


നല്ല നാളെ...
മുല്ലപ്പെരിയാർ ഡാം പൊട്ടുമോ?    (10)

മുല്ലപ്പെരിയാർ ഡാം പൊട്ടുമോ? തമിഴ്‌നാട് പറയുന്നു ആയിരം വർഷം കഴിഞ്ഞാലും പൊട്ടുകയില്ല എന്ന്. തമിഴ്‌നാടിന്റെ വാദം ആണ് ശരി എന്നാണ് എന്റെ പക്ഷം. എന്തുകൊണ്ട്?

കാരണം ഇത് ഗ്രാവിറ്റി ഡാം ആണ്. എന്താണ് ഗ്രാവിറ്റി ഡാം എന്നല്ലേ?

ഗ്രാവിറ്റെഷനൽ ഫോഴ്സ് എന്ന തത്വത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ഡാം. ഇവിടെ വെള്ളത്തേക്കാൾ ഗ്രാവിറ്റെഷനൽ ഫോഴ്സ്, (ഗുരുത്വാ കർഷണ ബലം) കൂടിയ വസ്തുവായ കരിങ്കല്ലുകൊണ്ടാണ് ഡാം നിർമ്മിച്ചിരിക്കുന്നത്. കരിങ്കല്ലിനു വേറൊരു പ്രത്യേകതകൂടിയുണ്ട്. എത്ര കാലം വെള്ളത്തിൽ കിടന്നാലും അതിനു ഒരു മാറ്റവും സംഭവിക്കില്ല. അങ്ങിനെയുള്ള കരിങ്കല്ല് അടുക്കി വച്ചുണ്ടാക്കിയതാണ് മുല്ലപ്പെരിയാർ ഡാം. ഈ അണക്കെട്ടു നിർമ്മിക്കുന്ന കാലത്ത് സിമന്റ് കണ്ടുപിടിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് കരിങ്കല്ല് അടുക്കി അടുക്കി വച്ച് അണക്കെട്ട് നിർമ്മിക്കേണ്ടി വന്നു. ഈ അണക്കെട്ടിന്റെ ബലം എന്നത് ഇതിന്റെ മൊത്തം ഭാരം ആണ്. 

 നിറയുമ്പോൾ ഉള്ള മൊത്തം വെള്ളം അണക്കെട്ടിൽ ചെലുത്തുന്ന ഫോഴ്സ് എത്രയാണോ അത്രയും ഫോഴ്സ് നെ ചെറുക്കുവാൻ ആവശ്യമായതിനേക്കാൾ കൂടുതൽ കനത്തിൽ കരിങ്കല്ല് അടുക്കിയാണ് ഈ അണക്കെട്ട് നിർമിച്ചിട്ടുള്ളത്.

ഇപ്പോഴത്തെ പ്രശ്നം ഇത് നിർമ്മിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്ന സുർക്കിയാണ്. കാലപ്പഴക്കത്തിൽ ഈ സുർക്കി മുഴുവനും ചോർന്നൊലിച്ചുപോയിരിക്കുന്നു. അപ്പോൾ സ്വാഭാവികമായും ഡാമിന് ബലക്ഷയം ഉണ്ടായിക്കാണില്ലേ? സംശയം ന്യായമാണ്.

ഇതാണെന്റെ വിശദീകരണം. സുർക്കി ഉപയോഗിച്ചിരിക്കുന്നത് അണക്കെട്ടിന്റെ ബലം കൂട്ടുവാനല്ല. അണക്കെട്ടിലെ വെള്ളം ലീക്ക് ചെയ്യാതിരിക്കുന്നതിനാണ്. മുഴുവൻ സുർക്കിയും ഒലിച്ചുപോയാൽ പോലും അണക്കെട്ടിനു ബലക്ഷയം സംഭവിക്കില്ല. കാരണം സുർക്കിയുടെ  ബലത്തിലല്ല അണക്കെട്ട് നിലനിൽക്കുന്നത്. അണകെട്ടാനുപയോഗിച്ചിരിക്കുന്ന കരിങ്കല്ലിന്റെ ഗുരുത്വാകർഷണ ബലത്തിലാണ്.

എന്നാൽ ആധുനീക കാലത്ത് അണ കെട്ടുന്നത് സിമന്റ്‌ ഉപയോഗിച്ചാണ്. സിമന്റ്‌ ഉപയോഗിച്ച് അണ കെട്ടുമ്പോൾ കരിങ്കല്ലിന്റെ അളവ് വൻ തോതിൽ കുറയുന്നു. പണിക്കൂലി കുറയുന്നു. വളരെ ചുരുങ്ങിയ ചെലവിൽ അണ നിർമ്മിക്കുവാൻ കഴിയും.

അങ്ങിനെ നോക്കുമ്പോൾ ഒരു ലക്ഷം വർഷം കഴിഞ്ഞാലും, കരിങ്കല്ലിനു ഒന്നും സംഭവിക്കാത്തിടത്തോളം കാലം, മുല്ലപ്പെരിയാർ അണക്കെട്ട് അക്കാരണം കൊണ്ട് പൊട്ടുകയില്ല.

ഇനി മറ്റു കാര്യങ്ങൾ. ഭൂമി കുലുക്കം ഉണ്ടായാൽ അണ പൊട്ടില്ലേ? പൊട്ടും.  ഭൂമി കുലുക്കം ഉണ്ടായാൽ തകരാത്ത എന്തുണ്ട് ഭൂമിയിൽ? അങ്ങിനെ കരുതിയാൽ മതി. അങ്ങിനെ മുല്ലപ്പെരിയാർ തകർന്ന് അതിലെ വെള്ളം മുഴുവനും ഇടുക്കി അണക്കെട്ടിൽ വന്ന് അതും തകർന്നാൽ 35 ലക്ഷം ജനം മരിക്കും അഞ്ചു ജില്ലകൾ ഇല്ലാതാവും എന്നൊക്കെപ്പറയുന്നതിനെ വിവരക്കേടിന്റെ അങ്ങേ അറ്റം എന്നല്ലാതെ എന്താ വിശേഷിപ്പിക്കുക. ഒന്ന് മനസിലാക്കണം ഏതൊരണക്കെട്ടും നിർമ്മിച്ചിരിക്കുന്നത് അത് നിറഞ്ഞു ഓവർ ഫ്ലോ ചെയ്താലും ആ അണക്കെട്ട് തകരാത്ത അത്ര ബലവത്തായിട്ടാണ്. അതുകൊണ്ട് അത് പൊട്ടില്ല. പിന്നെ മാക്സിമം വാട്ടർ ലെവൽ കൊടുത്തിരിക്കുന്നത് ഒരു മുൻകരുതൽ എന്ന നിലക്കാണ്. അത് കൊണ്ട് ഇടുക്കി പോലൊരു അണക്കെട്ട് നിറഞ്ഞു കവിഞ്ഞാലും അത് പൊട്ടുകയില്ല.

ഇനി അഥവാ പൊട്ടി എന്നുതന്നെയിരിക്കട്ടെ. അനേക ചതുരശ്ര കിലോമീറ്റർ പ്രദേശത്തു പരന്നുകിടക്കിന്ന വെള്ളം അണക്കെട്ട് പൊട്ടുന്ന വിടവിലൂടെ ഒഴുകിത്തീരുവാൻ കുറെയേറെ സമയമെടുക്കും. അല്ലാതെ ഈ രണ്ടു അണക്കെട്ടിലെ യും വെള്ളം മുഴുവനും കൂടി ഏതാനും മിനുട്ടുകൾക്കുള്ളിൽ ഒഴുകി വരില്ല. ഇങ്ങിനെ ഒഴുകി വരുന്ന വെള്ളം നേരെ താഴോട്ടു ഒഴുകുന്നതുപോലെ തന്നെ രണ്ടു വശങ്ങളിലേക്കും കൂടി പരക്കുകയും ചെയ്യും. അങ്ങിനെ പരക്കുന്നതു കൊണ്ട് താഴേക്കു വരുംതോറും അതിന്റെ ശക്തി ക്ഷയിച്ചു ക്ഷയിച്ചു വരും. ഏറി വന്നാൽ തൊടുപുഴ വരെ കുറച്ചു നാശ നഷ്ടമുണ്ടാക്കിയെക്കാം. അതിനെയാണ് എറണാകുളം നശിക്കും കോട്ടയം നശിക്കും തൃശൂര് നശിക്കും എന്നൊക്കെ പറയുന്നത്. അത് കൊണ്ട് ഇനിയെങ്കിലും യാധാർധ്യം ഉൾക്കൊള്ളൂ.

രാഷ്ട്രീയക്കാരുടെ നിരന്തമായുള്ള, അസത്യത്തെ സത്യമെന്ന മട്ടിലുള്ള വ്യാഖ്യാനം മൂലം സത്യമേത് അസത്യമേത് എന്ന് തിരിച്ചറിയുവാൻ പറ്റാത്തവണ്ണം സാമാന്യ ജനങ്ങളുടെ വിവേചന ബുദ്ധി നശിച്ചു പോയിരിക്കുന്നൂ.


യുക്തിക്ക് നിരക്കാത്ത ഇത്തരം വ്യാഖ്യാനങ്ങൾ കേരളത്തിൽ വിലപ്പോയെക്കാം. മറ്റെവിടെയും വിലപ്പോവില്ല. അവർ നമ്മെ പരിഹസിക്കുകയെ ഉള്ളൂ. വെറുതെയല്ല സുപ്രീം കോടതിയിൽ നാം ഈ വിഷയത്തിൽ നിരന്തരം തോറ്റുകൊണ്ടിരിക്കുന്നത്.   




2015 ഡിസംബർ 13, ഞായറാഴ്‌ച

Part 3: എൻറെ സങ്കൽപത്തിലെ ഐഡിയൽ സർക്കാർ



നല്ല നാളെ...
എൻറെ സങ്കൽപത്തിലെ ഐഡിയൽ സർക്കാർ   (9)

3. സൗജന്യ ചികിത്സ

ഈ സംസ്ഥാനത്തെ മുഴുവൻ ആളുകളുടെയും മുഴുവൻ ചികിത്സയുടെയും ചെലവു സർക്കാർ വഹിക്കണം. കാരണം,

“നമ്മുടെ നാടിനെ ഒരു വലിയ കൂട്ടുകുടുംബത്തോടുപമിക്കണം. കൂട്ടുകുടുംബമാകുമ്പോൾ ഒരു കാരണവർ ഉണ്ടാകണം. ഇവിടെ ആ കാരണവർ മുഖ്യമന്ത്രി ആണ്. ഒരു നല്ല കൂട്ടുകുടുംബത്തിലെ കാരണവർ എങ്ങിനെയാണോ തന്റെ കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്നത് അതുപോലെ താന്നെയായിരിക്കണം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്റെ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കേണ്ടതും.”

എന്റെ കുടുംബത്തിൽ ഒരംഗത്തിനു ഒരസുഖം വന്നാൽ ആരാണ് ചികിത്സിക്കുക? ഞാൻ അല്ലാതെ വേറെ ആര്? അത് തന്നെയല്ലേ ഇവിടെയും സംഭവിക്കുന്നത്‌? തന്റെ സമ്പാദ്യം മുഴുവനും ഈ കൂട്ടുകുടുംബത്തിൽ അല്ലെ ചെലവഴിക്കുന്നത്? അപ്പോൾ തീർച്ചയായും ചികിത്സാചെലവും കൂട്ടുകുടുംബം തന്നെ വഹിക്കണം.

4. എല്ലാവർക്കും വിദ്യാഭ്യാസം സൌജന്യം

വിദ്യാഭ്യാസം എല്ലാവർക്കും സൌജന്യം ആയിരിക്കണം. പ്ലസ്ടു വരെ അല്ലെങ്കിൽ ഇരുപതു വയസു വരെ എല്ലാവരും സ്കൂളിൽ പോകണം. അതു കഴിഞ്ഞ് പഠിക്കണം എന്നുള്ളവർക്ക് എത്ര വേണമെങ്കിലും സൗജന്യമായി പഠിക്കാം. മുഴുവൻ ചെലവും സർക്കാർ വഹിക്കും. എല്ലാവർക്കും വിദ്യാഭ്യാസവും തൊഴിലും തൊഴിലിനു തുല്യ വേതനവും ആനുകൂല്യങ്ങളും പെന്ഷനും ലഭിക്കുന്നതു കൊണ്ട് സംവരണത്തിനു പ്രസക്തിയുണ്ടാവുകയില്ല

5.  എല്ലാവർക്കും വഴി.
വഴി ഓരോ പൌരന്റെയും ജന്മാവകാശമാണ്. വഴി എന്നു വച്ചാൽ, ചുരിങ്ങിയ പക്ഷം ഒരു മിനി ലോറിക്കെങ്കിലും ഓരോ വീട്ടുമുറ്റത്തും എത്തുവാൻ കഴിയുന്ന ടാർ ചെയ്ത ഒന്നാംതരം റോഡ്. അത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ്.

അത് എങ്ങിനെ നടപ്പാക്കും എന്നല്ലേ? എത്ര എളുപ്പം. ഓരോ സ്ഥലത്തിന്റെയും ഏറ്റവും ചുരുങ്ങിയത് രണ്ടു വശമെങ്കിലും ഒരു മിനി ലോറിക്കെങ്കിലും ഒരു ബുദ്ധിമുട്ടും കൂടാതെ കടന്നു പോകുവാനാവശ്യമായതിന്റെ പകുതിയെങ്കിലും ഫ്രീ ആയി വിട്ടു കൊടുക്കണം എന്ന് ഒരു നിയമം കൊണ്ടുവരണം. അത്ര തന്നെ. നിലവിൽ വഴിയുള്ള എല്ലാവരും ഇതിനെ എതിർക്കും. എന്നാൽ ആ എതിർപ്പിന് ഒരടിസ്ഥാനവുമില്ല. കാരണം നിങ്ങൾക്കുണ്ട് എന്ന് നിങ്ങൾ പറയുന്ന ഈ വഴിക്ക് വേണ്ടി നിങ്ങൾ ഒരു സംഭാവനയും ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ അത് പയോഗിക്കുവാനുള്ള അർഹതയോ അവകാശമോ നിങ്ങൾക്കില്ല. അത് മറ്റുള്ളവരുടെ സംഭാവനയാണ്. അതുകൊണ്ട് നിങ്ങൾ മറ്റുള്ളവർക്ക് വഴിക്കുവേണ്ടി ഫ്രീ ആയി സ്ഥലം വിട്ടുനൽകുന്നില്ലെങ്കിൽ, ഒരു പൊതുവഴിയും ഉപയിഗിക്കുവാൻ പാടില്ല. നിങ്ങൾ സ്വന്തം പണം മുടക്കി സ്വന്തമായ സ്ഥലത്തുണ്ടാക്കിയ വഴി മാത്രമേ ഉപയോഗിക്കാവൂ. അങ്ങിനെ വരുമ്പോൾ അവരും ഫ്രീ ആയി സ്ഥലം വിട്ടു നൽകുവാൻ നിർബധിതരാവും.

ഇനി ഇങ്ങിനെ സ്ഥലം വിട്ടുകൊടുക്കുന്നതു മൂലം സ്ഥല വിസ്തൃതി കുറഞ്ഞു മറ്റാവശ്യങ്ങൾക്കുപയോഗിക്കുവാൻ കഴിയാത്തവണ്ണം അത്ര ചെറിയ പ്ലോട്ടുകൾ ആയി മാറുന്നുവെങ്കിൽ അത് മാർക്കറ്റുവില + നല്കി സർക്കാർ ഏറ്റെടുക്കണം.

എന്താണ് മാർക്കറ്റുവില + എന്നല്ലേ? മാർക്കറ്റു വില എന്നാൽ  മാർക്കറ്റുവില തന്നെ. അല്ലാതെ നിശ്ചിത സർക്കാർ വില അല്ല. ആ പ്രദേശത്ത്‌ അവസാനം നടന്ന രജിസ്റ്റ്രെഷനിൽ കാണിച്ചിട്ടുള്ള വിലയുമല്ല. ഇനി പ്ലസ് എന്താണെന്ന് പറയാം. മാർക്കറ്റു വിലയുടെ നിശ്ചിത ശതമാനം  അധികം.  കാരണം ബലമായി ഏറ്റെടുക്കുന്നതുകൊണ്ട് ഈ + നിർബന്ധമായി നല്കണം. ഏതാവശ്യത്തിനും സ്ഥലം ഏറ്റെടുക്കുന്നത് ഇങ്ങിനെയായിരിക്കണം. അപ്പോൾ പരാതിയുണ്ടാകില്ല. നിലവിലെ അവസ്ഥ അതി ക്രൂരമാണ്. പിടിച്ചു പറിക്കലാണ്. മതിയായ നഷ്ട പരിഹാരം നൽകാതെ ബലമായി പിടിച്ചു വാങ്ങുന്നതിനെ എങ്ങിനെ ന്യാകീകരിക്കുവാനാകും. സർക്കാരാണ് ചെയ്യുന്നത് എന്ന് വച്ച് ക്രൂരത ക്രൂരത അല്ലാതാവുമോ?

കേരളത്തിൽ ഇതിനു മുൻപ് വളരെ നല്ല രീതിയിൽ ഒരു സ്ഥലം ഏറ്റെടുക്കൽ നടന്നിട്ടുണ്ട്. അറുപതുകളിൽ ആണത്. ഞാൻ അന്ന് ഹൈ സ്കൂളിൽ പഠിക്കുന്നു. ഇടുക്കി പദ്ധതിയിൽ നിന്നും ഉള്ള വൈദ്യുതി കൊണ്ടുപോകുന്നതിന് (220 KV ലൈൻ വലിക്കുന്നതിന്) വേണ്ടി സ്ഥലം എടുത്തപ്പോൾ ജനങ്ങൾ വളരെ ആവേശപൂർവ്വം അതിനോട് സഹകരിച്ചു. എന്താണെന്നോ? കാലി സ്ഥലത്തിനൊരു വില. അത് തന്നെ അന്നത്തെ മാർക്കറ്റു വിലയേക്കാൾ അധികമായിരുന്നു. കൂടാതെ നഷ്ട പരിഹാരം വേറെ. ഉദാഹരണത്തിന് ഒരു തെങ്ങിൽ നിന്ന് എത്ര നാളികേരം അതിന്റെ ആയുഷ്കാലത്തു ലഭിക്കുന്നോ അത്രയും നാളികേരത്തിന്റെ അന്നത്തെ മാർക്കറ്റു വില. അത് പോലെ ജാതി മരത്തിൽ നിന്നുമാണെങ്കിൽ എത്ര ജാതിക്ക മൊത്തം ലഭിക്കുമോ അത്രയും ജാതിക്കയുടെ വില. ഏറ്റവും വില ലഭിക്കുന്ന ജാതി മരമാണെന്ന് തെറ്റിദ്ധരിപ്പിച്ചു വൻ നഷ്ടപരിഹാരം വാങ്ങിയെടുത്ത വിരുതന്മാരെ ക്കുറിച്ചും അന്ന് ധാരാളം കേട്ടിട്ടുണ്ട്.  ഒരു വർഷത്തിനുള്ളിൽ വിളവെടുക്കാവുന്ന തരം വിളകൾ കൃഷി ചെയ്യുകയുമാവാം. എന്നാൽ യാതൊരു നിർമാണപ്രവർത്തനവും പാടില്ല. ചുരുക്കി പറഞ്ഞാൽ അന്നത്തെ മാർക്കറ്റു വിലയേക്കാൾ പണം അന്ന് ഓരോരുത്തർക്കും ലഭിച്ചു.


വളരെയെളുപ്പത്തിൽ ചെയ്യാവുന്ന ഈ നിയമം മൂലം നമ്മുടെ നാടിനുണ്ടാകുന്ന പുരോഗതി വിവരിക്കുവാനാവാത്തതാണ്. നാടിന്റെ ഏതു മുക്കിലും മൂലയിലും ചെന്നെത്തുവാൻ പറ്റുന്ന ഒന്നാംതരം റോഡു ണ്ടാവുക എന്നതാണ് വികസനത്തിന്റെ അടിസ്ഥാനം. നല്ല റോഡുണ്ടെങ്കിൽ വികസനം തനിയെ വന്നുകൊള്ളും.





2015 ഡിസംബർ 10, വ്യാഴാഴ്‌ച

Part 2: എൻറെ സങ്കൽപത്തിലെ ഐഡിയൽ സർക്കാർ



നല്ല നാളെ...
എൻറെ സങ്കൽപത്തിലെ ഐഡിയൽ സർക്കാർ   (8)

2. എല്ലാവർക്കും പെൻഷൻ.

65 വയസു പൂർത്തിയായ എല്ലാവർക്കും പെൻഷൻ വേണം. പെൻഷൻ ഇല്ലാത്തതായി 65 വയസു പൂർത്തിയായ ഒരാൾ പോലും ഉണ്ടാവാൻ പാടില്ല. പെൻഷൻ കൊടുക്കേണ്ടത് മുൻപ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമയല്ല മറിച്ച് സർക്കാരായിരിക്കണം. അത് സർക്കാരിൻറെ ഉത്തരവാദിത്വം ആണ്.

പെൻഷൻ എന്നാൽ ഇന്ന് കൊടുക്കുന്ന നക്കാപ്പിച്ചാ വാർദ്ധക്യകാല പെൻഷൻ അല്ല. ശിഷ്ടകാലം സുഖമായി ജീവിക്കുവാൻ ആവശ്യമായത്ര പണം. എന്നു വച്ചാൽ ഇന്ന് സർക്കാർ ജീവനക്കാർക്ക് കൊടുക്കുന്ന അതെ നിലവാരത്തിലുള്ള പെൻഷൻ.

പെൻഷൻ എന്നത് മാറ്റിവയ്ക്കപ്പെട്ട വേതനമാണ് എന്ന സങ്കൽപ്പത്തിൽ നിന്നാണ് തൊഴിലുടമ തന്നെ പെൻഷനും നൽകണം എന്ന ഇന്നത്തെ അവസ്ഥയുണ്ടായത്. തൊഴിൽ ഉടമ തൊഴിലാളിക്ക് തൊഴിലിന്റെ വേതനം അന്നേ കൊടുത്തു കഴിഞ്ഞു. അതാണ്‌ യാധാർത്ഥ്യം. അതുകൊണ്ട് പെൻഷൻ കൊടുക്കേണ്ടത് സർക്കാരാണ്.

എന്ത് കൊണ്ടാണ് സർക്കാരാണ് എല്ലാവർക്കും പെൻഷൻ കൊടുക്കേണ്ടത് എന്ന് പറയുന്നത്?

“നമ്മുടെ നാടിനെ ഒരു വലിയ കൂട്ടുകുടുംബത്തോടുപമിക്കണം. കൂട്ടുകുടുംബമാകുമ്പോൾ ഒരു കാരണവർ ഉണ്ടാകണം. ഇവിടെ ആ കാരണവർ മുഖ്യമന്ത്രി ആണ്. ഒരു നല്ല കൂട്ടുകുടുംബത്തിലെ കാരണവർ എങ്ങിനെയാണോ തന്റെ കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്നത് അതുപോലെ താന്നെയായിരിക്കണം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്റെ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കേണ്ടതും.”

ഒരുവൻ തന്റെ ജീവിതകാലത്തിൽ അധ്വാനിച്ചു നേടുന്നതു മുഴുവനും തന്റെ കുടുംബത്തിനു വേണ്ടി ചെലവാക്കുന്നു. അപ്പോൾ അയാളുടെ വയസുകാലത്ത് അയാളെ സംരക്ഷിക്കേണ്ടത് കുടുംബത്തിന്റെ ചുമതലയാണ്. ആർക്കും സംശയമില്ലല്ലോ? അത് തന്നെയല്ലേ ഇവിടെയും സംഭവിക്കുന്നത്? ഞാൻ ജോലി ചെയ്തുണ്ടാക്കിയതു മുഴുവൻ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി എൻറെ കൂട്ടു കുടുംബത്തിൽ അതായത് കേരളത്തിൽ ചെലവഴിച്ചു. ചെലവഴിച്ചു എന്നു പറഞ്ഞാൽ അത് ഇൻവെസ്റ്റു ചെയ്തത്തിനു തുല്യമാണ്. അതു കൊണ്ടുള്ള ഗുണം എല്ലാവർക്കും ലഭിക്കുന്നുണ്ട്.

ചുരുക്കി പറഞ്ഞാൽ തന്റെ സമ്പാദ്യം മുഴുവനും ഇവിടെ ചെലവഴിക്കുകയോ നിക്ഷേപിക്കുകയോ ചെയ്യുന്ന ഏതൊരുവനും ഈ പെൻഷന് അർഹനായിരിക്കണം.

അങ്ങിനെ നോക്കുമ്പോൾ വിദേശത്തു ജോലി ചെയ്തു കിട്ടുന്ന പണം മുഴുവനും തന്റെ സ്വന്തം നാട്ടിലേക്ക് അയക്കുന്ന പ്രവാസിയെയും ഈ പെൻഷൻ സ്കീമിൽ ഉൾപ്പെടുത്താവുന്നതാണ്. അവൻ സമ്പാദിക്കുന്നതു മുഴുവനും തനിക്കും തന്റെ നാട്ടിൽ ജീവിക്കുന്ന കുടുംബത്തിനും വേണ്ടി ഇവിടെ കേരളത്തിൽ ആണ് ചെലവഴിക്കുന്നത്.

എന്നാൽ സകുടുമ്പം വിദേശത്തു ജോലി ചെയ്യുകയും താമസിക്കുകയും ചെയ്തിട്ട് റിട്ടയർ ചെയ്യുമ്പോൾ വെറും കയ്യോടെ കയറിവരുന്നവർക്ക് പെൻഷൻ കൊടുക്കേണ്ടതുണ്ടോ എന്ന് ഒന്നുകൂടി ആലോചിക്കേണ്ടതുണ്ട്.

. എല്ലാവർക്കും തൊഴിലും തുല്യ വേതനവും (സർക്കാർ മേഖലയിലെ അതേ ശമ്പളം സ്വകാര്യ മേഖലയിലും) പെൻഷനും ലഭിക്കുന്നതോടെ സംവരണത്തിന് പ്രസക്തിയില്ലാതാവുന്നു

ഇതിനെല്ലാമുള്ള പണമെവിടെ? അത് സർക്കാർ കണ്ടെത്തണം. സമസ്താധികാരങ്ങളും കയ്യിൽ വച്ചിട്ട് അവസാനം കയ്യിൽ കാശില്ലെന്ന് പറഞ്ഞാൽ അതിനർഥം ആ അധികാരങ്ങൾ വേണ്ട വിധത്തിൽ ഉപയോഗിച്ചില്ല എന്നാണ്. എങ്ങിനെയാണ് സർക്കാർ കാശുണ്ടാക്കേണ്ടത് എന്ന് ഞാൻ പറഞ്ഞു തരാം. ഇവിടെ കാശിനൊരു പഞ്ഞവുമില്ല. അതിനു പലവഴികളുണ്ട്. അത് ഒറ്റ വാചകത്തിൽ പറയാവുന്ന ഒന്നല്ല. അതുകൊണ്ട് ഇതിനെല്ലാമുള്ള പണമെവിടെ എന്ന ചോദ്യത്തിനുള്ള ഉത്തരം വരുന്ന ഒരു ഭാഗമുണ്ട്. അവിടെ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

അടുത്ത അധ്യായത്തിൽ


ഈ സംസ്ഥാനത്തെ മുഴുവൻ ആളുകളുടെയും മുഴുവൻ ചികിത്സാചെലവു കളും  സർക്കാർ വഹിക്കണം. കാരണം.....




2015 ഡിസംബർ 9, ബുധനാഴ്‌ച

Part 1: എൻറെ സങ്കൽപത്തിലെ ഐഡിയൽ സർക്കാർ


നല്ല നാളെ...
എൻറെ സങ്കൽപത്തിലെ ഐഡിയൽ സർക്കാർ   (7)      

നൂറു ശതമാനവും ഐഡിയൽ ആയൊരു രാഷ്ട്രീയ പാർട്ടിക്കു മാത്രമേ നൂറു ശതമാനവും ഐഡിയൽ ആയൊരു സ്ർക്കാരുണ്ടാക്കുവാൻ സാധിക്കുകയുള്ളൂ.

ആദ്യം നൂറു ശതമാനവും ഐഡിയൽ ആയൊരു സർക്കാർ എന്ന് വച്ചാൽ എങ്ങിനെയായിരിക്കണം എന്ന് നോക്കാം. അതു കഴിഞ്ഞ് നൂറു ശതമാനവും ഐഡിയൽ ആയൊരു രാഷ്ട്രീയ പാർട്ടി എങ്ങിനെ യായിരിക്കണമെന്നും. 

നമ്മുടെ നാടിനെ ഒരു വലിയ കൂട്ടുകുടുംബത്തോടുപമിക്കണം. കൂട്ടുകുടുംബമാകുമ്പോൾ ഒരു കാരണവർ ഉണ്ടാകണം. ഇവിടെ ആ കാരണവർ മുഖ്യമന്ത്രി ആണ്. ഒരു നല്ല കൂട്ടുകുടുംബത്തിലെ കാരണവർ എങ്ങിനെയാണോ തന്റെ കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്നത് അതുപോലെ താന്നെയായിരിക്കണം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്റെ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കേണ്ടതും.

ഈ ഉപമ ഇപ്പോഴും മനസ്സിൽ ഉണ്ടാകണം. അങ്ങിനെയെങ്കിൽ ഒരു മുഖ്യമന്ത്രിക്ക് ഒരിക്കലും തെറ്റു പറ്റുകയില്ല. പാവപ്പെട്ടവനും പണക്കാരനും എന്നു വേണ്ടാ തന്റെ സംസ്ഥാനത്തെ മുഴുവൻ ആളുകൾക്കും ഒരു പോലെ നീതി ലഭിക്കും

എല്ലാവരും എനിക്ക് എനിക്ക് എന്നു ചിന്തിക്കുന്നത് ആണ് പ്രശ്നങ്ങൾ എല്ലാം ഉണ്ടാക്കുന്നത്‌. മറിച്ച് നമുക്ക് നമുക്ക് എന്ന് ചിന്തിച്ചു നോക്കൂ. അപ്പോൾ കാണാം കാര്യങ്ങൾ എല്ലാം എത്ര ഭംഗിയായി പോകുന്നു എന്ന്.

നൂറു ശതമാനവും ഐഡിയൽ ആയൊരു സർക്കാർ എന്ന് വച്ചാൽ എങ്ങിനെയായിരിക്കണം

1. എല്ലാവർക്കും തൊഴിൽ.

അതെ, എല്ലാവക്കും തൊഴിൽ വേണം. സർക്കാർ മേഖലയിൽ തൊഴിലവസരങ്ങൾ കുറഞ്ഞു കുറഞ്ഞേ വരൂ. സ്വകാര്യ മേഖലയിൽ വൻ തൊഴിലവസരങ്ങൾ ഇനിയുണ്ടാകും. ജോലിയെടുക്കുവാൻ പ്രാപ്ത്തിയുള്ള ഒരാളും വെറുതെയിരിക്കുവാൻ പാടില്ല. അവനവന്റെ കഴിവും പ്രാപ്തിയുമനുസരിച്ചുള്ള ജോലി ചെയ്യണം. ഒരു മണിക്കൂർ വിശ്രമം അടക്കം എട്ടു മണിക്കൂർ ജോലി. എല്ലാവരും ജോലി ചെയ്യുമ്പോൾ എല്ലാവർക്കും ശമ്പളം ലഭിക്കുന്നു. അവർ വീട് വയ്ക്കുന്നു. കാറു വാങ്ങുന്നു. വീട് എയർ കണ്ടീഷൻ ചെയ്യുന്നു, ടൂറു പോകുന്നു, മക്കളെ പഠിപ്പിക്കുന്നു, അങ്ങിനെ കിട്ടുന്ന പണം എല്ലാം അവർ ചെലവഴിക്കുന്നു. അങ്ങിനെ കിട്ടിയവരും ചെലവഴിക്കൂന്നു. അങ്ങിനെ ഓരോ ഇടപാടിലും സർക്കാരിന് നികുതി കിട്ടുന്നു. അതുവഴി വികസന പ്രവർത്തനത്തിനും ജനങ്ങളുടെ ക്ഷേമ പ്രവർത്തനത്തിനും ആയി സർക്കാരിനു ധാരാളം പണം കിട്ടുന്നു.

തുല്യ ജോലിക്ക് തുല്യ വേതനം.

നമ്മുടെ നാട്ടിൽ സർക്കാർ സർവീസിൽ ധാരാളം പേർ കരാർ അടിസ്ഥാനത്തിലും ദിവസവേതനത്തിലും താൽക്കാലികമായും ഒക്കെ
ജോലി ചെയ്യുന്നുണ്ട്. PSC വഴി നിയമനം ലഭിച്ചവർക്ക് അല്ലെങ്കിൽ സ്ഥിര ജീവനക്കാർക്ക് മുപ്പതിനായിരവും നാൽപ്പതിനായിരവും ഒക്കെ ലഭിക്കുമ്പോൾ പാവം താൽക്കാലികക്കാർക്കു ലഭിക്കുന്നതോ അയ്യായിരം അല്ലെങ്കിൽ പതിനായിരം ഒക്കെ ആണ്. അതും അഞ്ചും പത്തും അതിൽ കൂടുതലും വർഷത്തെ സെർവീസുള്ളവർവരെ ഇക്കൂട്ടത്തിൽ ഉണ്ടെന്ന് ഓർക്കണം.

ഇതിലെ യുക്തി എന്താണ്? എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല. ഇവരെല്ലാം ചെയ്യുന്നത് ഒരേ ജോലിയല്ലേ? അവരും നമ്മുടെ കൂട്ടുകുടുമ്പത്തിലെ അംഗങ്ങൾ തന്നെയല്ലേ? അവരുടെ കാര്യം പിന്നെ ആരാണ് നോക്കേണ്ടത്? സ്വന്തം സ്ഥാപനത്തിലെ ജീവനക്കാർക്ക് ശരിയായ ശമ്പളം നൽകാത്ത സർക്കാരിന് എങ്ങിനെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നല്ല ശമ്പളം നൽകണമെന്നു നിർബന്ധിക്കുവാൻ കഴിയും?

അതിനു പറയുന്ന ന്യായം അവർ സ്ഥിര ജീവനക്കാർ ആയിട്ടില്ലെന്നതാണ്. എന്തു കൊണ്ടാണ് അവരെ സ്ഥിരപ്പെടുത്താത്തത്? അവരെ ജോലിക്ക് കൊള്ളില്ലെങ്കിൽ പിരിച്ചുവിടണം. അല്ലാതെ ഒരു ദിവസം പുറത്തു നിറുത്തിയിട്ടു വീണ്ടും താല്ക്കാലിക ക്കാരായിട്ടോ കരാർ തൊഴിലാളികളായിട്ടോ ഒക്കെ വീണ്ടും എടുക്കുക എന്നൊക്കെപ്പറഞ്ഞാൽ, പിന്നെ സർക്കാരും മുതലാളിമാരും തമ്മിൽ എന്തു വ്യത്യാസം?

അതുകൊണ്ട് എല്ലാവർക്കും, അവർ താൽക്കാലികക്കാരാവട്ടെ ദിവസ വേതനക്കാരാകട്ടെ കരാർ തൊഴിലാളികൾ ആവട്ടെ, PSC വഴി നിയമനം ലഭിച്ചവർക്ക് ലഭിക്കുന്ന അതേ ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകണം.

നമ്മുടെ നാടിനെ ഒരു വലിയ കൂട്ടുകുടുംബത്തോടുപമിക്കണം. കൂട്ടുകുടുംബമാകുമ്പോൾ ഒരു കാരണവർ ഉണ്ടാകും ഇവിടെ ആ കാരണവർ മുഖ്യമന്ത്രി ആണ്. ഒരു നല്ല കൂട്ടുകുടുംബത്തിലെ കാരണവർ എങ്ങിനെയാണോ തന്റെ കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്നത് അതുപോലെ താന്നെയായിരിക്കണം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്റെ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കേണ്ടതും

ഇനി ഒന്ന് ആലോചിച്ചു നോക്കൂ. ഞാനീ പറയുന്നത് അല്ലേ യുക്തിപരമായി ശരി എന്ന്?

ഇനി സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം.

പ്രശ്നങ്ങൾ എല്ലാവർക്കും അറിവുള്ളതാണല്ലോ. അതുകൊണ്ട് ആവർത്തിക്കുന്നില്ല. എന്തുകൊണ്ടാണ് ഈ വിഷയത്തിൽ സർക്കാരിന് ഒരു നയമില്ലാത്തത്? ഓരോ സ്ഥാപനത്തിലും തോന്നിയപോലെയല്ലേ ശമ്പളവും മറ്റാനുകൂല്യങ്ങളും? ഇവിടെ എന്തുകൊണ്ട് സർക്കാരിടപെടുന്നില്ല? അവരും ഈ കുടുമ്പത്തിലെ അംഗങ്ങൾ അല്ലെ? അവർക്കും നല്ല ശമ്പളം കൊടുക്കണമെന്നു നിയമം കൊണ്ടുവന്നാൽ എന്താ? നേഴ്സുമാർ, കമ്പനികളിലെ ജോലിക്കാർ, തോട്ടം തൊഴിലാളികൾ, പീടിക തൊഴിലാളികൾ, അദ്ധ്യാപകർ എന്നു തുടങ്ങി സകല മേഖലകളിലും തൊഴിലുടമയ്ക്ക് തോന്നിയ പടിയാണ്. അവർക്കും നല്ല ശമ്പളം കൊടുക്കണം. സർക്കാർ സെർവീസിലെ ജീവനക്കാർക്കു കൊടുക്കുന്ന അതെ ശമ്പളവും മറ്റാനുകൂല്യങ്ങളും തന്നെ കൊടുക്കണം.

ഒരു പക്ഷെ തൊഴിലുടമ പറഞ്ഞേക്കാം ഞങ്ങൾക്ക് സർക്കാർ സെർവീസിലെ അതേ ശമ്പളം കൊടുത്തുകൊണ്ട് സ്ഥാപനം ലാഭകരമായി നടത്തുവാൻ ആവില്ല എന്ന്. അത് അങ്ങീകരിക്കുവാൻ ആവില്ല. ആ വാദം വസ്തുതക്ക് നിരക്കാത്തതാണ്. ഒരു സ്ഥാപനം നടത്തുംപോഴുള്ള മറ്റു ചെലവുകൾ അതായത് കെട്ടിടത്തിന്റെ വില അല്ലെങ്കിൽ വാടക, സ്ഥാപനം മോടി പിടിപ്പിക്കുന്നതിനുള്ള ചെലവ്, മെഷിനറി തുടങ്ങി ഒട്ടനവധി ചെലവുകളുണ്ട് ഒരു സ്ഥാപനം നടത്തുവാൻ. അതിലെ വില വർധനവിൽ ആർക്കും ഒരു പരാതിയുമില്ല. ജോലിക്കാർക്ക്‌ ശമ്പളം കൊടുക്കുമ്പോൾ മാത്രമേയുള്ളൂ പരാതി. ഇതെങ്ങിനെ അങ്ങീകരിക്കുവാൻ കഴിയും? അതുകൊണ്ട് സർക്കാർ സർവീസിലുള്ളവർക്കു കൊടുക്കുന്ന അതേ ശമ്പളവും മറ്റാനുകൂല്യങ്ങളും സ്വകാര്യ മേഖലയിലുള്ളവർക്കും കൊടുക്കണം. അതിനു കഴിയുന്നവർ മാത്രം സ്ഥാപനം നടത്തിയാൽ മതി എന്നതായിരിക്കണം സർക്കാരിന്റെ നയം.

താഴെ തട്ടിൽ ജോലി ചെയ്യുന്ന ഒരു സാധാരണ ജീവനക്കാരന് എന്ത് ശമ്പളം കൊടുക്കണമെന്ന് സർക്കാർ തീരുമാനിക്കണം. ബസ്‌ ചാർജെത്രയായിരിക്കണമെന്ന് സർക്കാർ തീരുമാനിക്കുമ്പോൾ ആ ചാർജ് KSRTC യ്ക്കും പ്രൈവറ്റ് ബസിനും ഒരുപോലെ ബാധകമാണല്ലോ. അതുപോലെ തന്നെയായിരിക്കണം തൊഴിലാളികളുടെ ശമ്പളം തീരുമാനിക്കുന്നതും. എന്നുവച്ചാൽ ഒരേ തൊഴിലിന്, അത് ഒരു ദിവസേത്തെക്കാകട്ടെ ഒരു മാസത്തെക്കാകട്ടെ താൽക്കാലികമാവട്ടെ സ്ഥിരമാകട്ടെ, ഈ സംസ്ഥാനത്ത് സ്വകാര്യ മേഖലയിൽ അടക്കം ഏതു മേഖലയിൽ ആണെങ്കിലും ഒരേ ശമ്പളം ആയിരിക്കണം.

എല്ലാവർക്കും ബാങ്ക് അകൌണ്ട് വേണം. ഈ അക്കൌണ്ടിൽക്കൂടി വേണം എല്ലാവരുടെയും ശമ്പളം വിതരണം ചെയ്യുവാൻ. അത് ഒരു ദിവസമായാലും ഒരു മാസമായാലും തുക എത്ര ചെറുതാവട്ടെ വലുതാവട്ടെ തന്റെ അക്കൌണ്ട് വഴി മാത്രമേ ആകാവൂ. ഈ അക്കൌണ്ടിൽ നിന്നും പല തരം ഫീസുകൾ, ഫൈൻ ഉണ്ടെങ്കിൽ അത്, വിവിധ തരം നികുതികൾ, ടെലെഫോണ് ഇലക്ട്രിസിറ്റി ബില്ലുകൾ തുടങ്ങി ലോണുകൾ വരെ അതാതു സമയത്ത് എടുത്തുപോയിക്കൊള്ളും. ഇത് എല്ലാവർക്കും ഒരുപൊലെ സൌകര്യപ്രദമാണ്. ഇതുവഴി സമയലാഭം മാത്രമല്ലാ സർക്കാരിൻറെ ഭരണചെലവും വൻ തോതിൽ കുറയുന്നു.

സർക്കാരിന്റെ മുഴുവൻ ജോലികളും കമ്പ്യുട്ടറിനെ ഏൽപ്പിക്കണം. അതുകൊണ്ട് പൊതുജനങ്ങൾക്ക് ഓണ്‍ ലൈൻ ആയി എല്ലാം ചെയ്യുവാൻ കഴിയും. പ്ലസ് ടു മാത്രം വിദ്യാഭ്യാസമുള്ള വെറും സാധാരണക്കാർ മതി ഇനി സർക്കാർ ജോലിക്ക്. അവർക്ക് കമ്പ്യുട്ടറിൽ ഡാറ്റാ ഫീഡ് ചെയ്യുവാൻ മാത്രം അറിഞ്ഞിരുന്നാൽ മതി. അല്ലാതെ മറ്റു യാതൊരു വൈദഗ്ധ്യവും ആവശ്യമില്ല. ഇതുവഴി സർക്കാർ ജീവനക്കാരുടെ എണ്ണം വൻ തോതിൽ കുറയും. കാര്യങ്ങൾ നന്നായി നടക്കുന്നു എന്നുറപ്പ് വരുത്തുവാൻ തലപ്പത്ത് ഏതാനും പേരും ഡാറ്റ എന്റർ ചെയ്യുവാൻ കുറെ പ്ലസ്ടുക്കാരും പിന്നെ കുറെ സാങ്കേതിക വിദഗ്ധരും പോളിസി തീരുമാനിക്കുവാനും നടപ്പാക്കുവായി MLA മാരും മന്ത്രിമാരും. കഴിഞ്ഞു.

ഇതുകൊണ്ട് നേട്ടങ്ങൾ മാത്രമേ ഉള്ളൂ. കോട്ടങ്ങൾ ഒട്ടുമില്ലാ. അഥവാ ഉണ്ടെങ്കിൽ അത് കൈക്കൂലിക്കാർക്കും അഴിമതിക്കാർക്കും ഗുണ്ടകൾക്കും മാഫിയകൾക്കും തീവ്രവാദികൾക്കും ഒക്കെ മാത്രമാണ്.

ഈ പറഞ്ഞ കൈക്കൂലിക്കാരും അഴിമതിക്കാരും ഗുണ്ടകളും മാഫിയക്കാരും തീവ്രവാദികളും ഒന്നും ഞാനീ പറയുന്ന ഐഡിയൽ സർക്കാരിൻറെ ഭരണകാലത്തുണ്ടാവില്ല. കാരണം അന്ന് ആർക്കും കൈക്കൂലി കൊടുക്കുവാനോ വാങ്ങുവാനോ, അവർക്ക് വേണമെന്ന് വിചാരിച്ചാൽ പോലും, കഴിയുകയില്ല. കാരണം അന്നത്തെ കാലത്ത് എല്ലാ ഇടപാടുകളും ഓണ്‍ ലൈൻ ആയിരിക്കും. മുഴുവൻ പണമിടപാടുകളും ബാങ്ക് അക്കൌണ്ട് വഴി മാത്രമായിരിക്കും. കറൻസി നോട്ടുകൾ നിരോധിക്കും. അതുകൊണ്ട് കള്ളപ്പണം ഉണ്ടാകില്ല. കൈക്കൂലി ഉണ്ടാകില്ല. 

ആർക്കും ഒരിക്കലും ഒരു സർക്കാരോഫീസിൽ പോകേണ്ടിവരില്ല. എന്തിന് അങ്ങിനെ ഒരോഫീസു എവിടെ പ്രവത്തിക്കുന്നു എന്ന് പോലും പൊതുജനത്തിന് അറിവുണ്ടാകണം എന്നില്ല.


ഒരു കെട്ടിടം പണിയുവാൻ പെർമിറ്റു വേണമെന്നിരിക്കട്ടെ. ഓണ്‍ ലൈൻ  ആയി അതിന്റെ പ്ലാനും സ്കെച്ചുമടക്കം അപേക്ഷ കൊടുക്കുന്നു. മിക്കവാറും അപ്പോൾ തന്നെ പെർമിറ്റു ലഭിക്കുന്നു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് കൂടി പരിഹരിക്കപ്പെട്ട് ഏതാനും ദിവസങ്ങക്കകം പെർമിറ്റ് കൊറിയറിൽ വീട്ടിലെത്തുന്നു. 

ചുരുക്കി പറഞ്ഞാൽ ഇനി സർക്കാർ ഓഫീസുകളുടെ  ഒന്നും ആവശ്യമില്ല. പൊതു ജനത്തിന് ഏതു സർക്കാർ കാര്യത്തിനും ഇനി എവിടെയും പോകേണ്ടതില്ല. അവനവന്റെ വീട്ടിലിരുന്നു തന്നെ ചെയ്യാം. കംപ്യുട്ടർ ഇല്ലാത്തവർക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രത്തിൽ പോയാൽ മതി.

നിലവിലുള്ള സർക്കാർ ഓഫീസ് കെട്ടിടങ്ങളെല്ലാം ഇനി ആശുപത്രികൾ ആക്കാം. അല്ലെങ്കിൽ ഷോപ്പിംഗ്‌ സെന്റർ ആക്കാം. അതുമല്ലെങ്കിൽ വാടകയ്ക്ക് കൊടുക്കാം. ഭരണ ചെലവു വൻതോതിൽ കുറയുന്നു

ഈ പറയുന്ന കാര്യങ്ങൾ ഒട്ടു മുക്കാലും പല വികസിത രാജ്യങ്ങളിലും ഏറിയും കുറഞ്ഞുമായി വളരെ വിജയകരമായി നടപ്പാക്കിയവയാണ്.

എല്ലാവർക്കും തൊഴിലും തുല്യ വേതനവും, സർക്കാർ മേഖലയിലെ അതേ ശമ്പളം സ്വകാര്യ മേഖലയിലും, ലഭിക്കുന്നതോടെ സംവരണത്തിന് പ്രസക്തിയില്ലാതാവുന്നു.

2. എല്ലാവർക്കും പെൻഷൻ

65 വയസു കഴിഞ്ഞ എല്ലാവർക്കും പെൻഷൻ. പെൻഷൻ എന്നാൽ ഇന്ന് കൊടുക്കുന്ന നക്കാപ്പിച്ചാ വാർദ്ധക്യകാല പെൻഷൻ അല്ല. ശിഷ്ടകാലം സുഖമായി ജീവിക്കുവാൻ ആവശ്യമായത്ര പണം. എന്നു വച്ചാൽ ഇന്ന് സർക്കാർ ജീവനക്കാർക്ക് കൊടുക്കുന്ന അതേ നിലവാരത്തിലുള്ള പെൻഷൻ...............

അടുത്ത അധ്യായത്തിൽ


2015 ഡിസംബർ 7, തിങ്കളാഴ്‌ച

എന്നാൽ പിന്നെ അങ്ങ് ചെയ്‌താൽ പോരെ?


എന്നാൽ പിന്നെ അങ്ങ് ചെയ്‌താൽ പോരെ? എന്താണ് താമസം?
                 (6)
ഈ പറഞ്ഞതെല്ലാം ആരാണു ചെയ്യേണ്ടത്? നമ്മുടെ സർക്കാർ. സർക്കാർ എന്നാൽ മന്ത്രിമാരും സർക്കാരുദ്യോഗസ്ഥരും. ഉദ്യോഗസ്ഥരെ നിലക്കു നിർത്തേണ്ടതും അവരെക്കൊണ്ടു നേരാം വണ്ണം പണിയെടുപ്പിക്കേണ്ടതും ആരാണു? മന്ത്രിമാർ. മന്ത്രിമാർ അതു ചെയ്യുന്നില്ലെങ്കിൽ ചെയ്യിപ്പിക്കേണ്ടത് ആരാണ്? ഭരണകക്ഷി നേതൃത്വം. അവരിത് ചെയ്യുമോ? ചെയ്യില്ല. എന്തുകൊണ്ട്? പ്രധാനമായും രണ്ടു കാരണങ്ങൾ ആണുള്ളത്.
 
ഒന്ന്, നിലവിലുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഏറ്റവും താഴെയുള്ള പ്രവർത്തകൻ തൊട്ട് ഏറ്റവും മുകളിൽ താക്കോൽ സ്ഥാനത്തിരിക്കുന്നയാൾ വരെ ഒരൊറ്റയാൾ പോലും നാടു നന്നാവണം എന്ന തീവ്രമായ ആഗ്രഹമുള്ളയാളല്ല. ഞാൻ നന്നായിട്ട് പിന്നെ വേണമങ്കിൽ നാടും നന്നായിക്കൊള്ളട്ടെ എന്നല്ലാതെ നാടു നന്നാവുമ്പോൾ അതിന്റെ ഭാഗമായ ഞാനും നന്നാവും എന്ന് വിശ്വസിക്കുന്നവരല്ല.  അഥവാ ആരെങ്കിലും അങ്ങിനെ നൂറു ശതമാനവും ഐഡിയൽ ആയി പാർട്ടിയിൽ വന്നാൽ തന്നെ, അയാൾക്ക്‌, പാർട്ടിയിൽ ആദ്യത്തെ പടി പോലും ചവിട്ടുവാൻ കഴിയില്ല. അതിനു സമ്മതിക്കുകയില്ല. ഓരോ പാർട്ടിയുടേയും സെറ്റ്അപ്പ്‌ അങ്ങിനെയാണ്. അവരോരുത്തരും എത്ര പേർക്കു പാര പണിതും എത്ര പേർക്കു സേവ പിടിച്ചും ആണെന്നോ ഈ സ്ഥാനത്തെത്തിയത്. ഇനി അവരെത്തിയ ഈ സ്ഥാനത്തു തുടരണമെങ്കിലോ ഇരുപത്തിനാലു മണിക്കൂറും കണ്ണിൽ എണ്ണയുമൊഴിച്ചു കരുതലോടെയിരിക്കണം. എപ്പോഴാ എവിടുന്നാ പണി വരുന്നതെന്നറിയില്ല.  അപ്പോൾ പിന്നെ താൻ ഇരിക്കുന്ന കസേരക്ക് എന്തെങ്കിലും സംഭവിക്കുന്നതിനു മുൻപ് എത്രയും നേരത്തെ നാല് കാശുണ്ടാക്കണം. അങ്ങിനെ കാശുണ്ടാക്കുവാൻ തുടങ്ങിയാലോ, പിന്നെ ആർത്തി കൂടി ക്കൂടി കണ്ണും കാണില്ല ചിവിയും കേൾക്കില്ലാ എന്ന അവസ്ഥയാവും. പിന്നെങ്ങനെ അവർക്ക് ജനതാൽപ്പര്യവും രാജ്യതാൽപ്പര്യവും നോക്കുവാൻ കഴിയും?

രണ്ടാമത്തേത്, പാർടി നേതൃത്വത്തിൽ നിന്നുള്ള പ്രഷർ ആണ്. പാർട്ടിക്കു ഫണ്ട് വേണം. ബക്കറ്റു പിരിവു കൊണ്ടൊന്നും ഇന്ന് നിലവിലുള്ള ഒരു രാഷ്ട്രീയ പാർട്ടിക്കും ഇന്നത്തെ നിലയിൽ പ്രവർത്തിക്കുവാനാകില്ല. അത്ര ഭീമമാണ് പാർട്ടി പ്രവർത്തനത്തിനുള്ള  ചെലവ്. അതിനു ഭരണ തലത്തിലുള്ള ഇടപെടലുകൾ വേണം. ആദ്യം വൻ കിടക്കാരിൽ നിന്നും പിരിക്കുന്നു. പിന്നെ ചെറു കിടക്കാരിൽ നിന്നും. അതും മതിയാകാതെ വരുമ്പോൾ സാധാരണക്കാരിൽ നിന്ന്. എന്നിട്ടും തികയാതെ വരുമ്പോൾ കിട്ടുന്നിടത്തു നിന്നൊക്കെ. അപ്പോഴും മതിയാകില്ല. പിന്നെ മറ്റൊരു മാർഗവുമില്ല. അഴിമതി തന്നെ. അപ്പോഴേക്കും അറപ്പൊക്കെ മാറിയിട്ടുണ്ടാകും പിന്നെ ചോദിച്ചു വാങ്ങുകയായി. കിട്ടിയില്ലെങ്കിൽ വച്ച് താമസിപ്പിക്കുക, കാര്യം ചെയ്തു കൊടുക്കാതിരിക്കുക, ഇല്ലാത്ത വകുപ്പുകൾ പറയുക, എന്തിനു പറയുന്നു, താമസിയാതെ പണത്തിനു വേണ്ടി എന്തും ചെയ്യും എന്ന അവസ്തയിലേക്കെത്തുന്നു. ഇതിൽ ഒരു പങ്ക് സ്വന്തം പോക്കറ്റിലേക്കും. പാർട്ടി ഫണ്ടിലേക്ക് സംഭാവന എന്നാണു പറയുക. ഇങ്ങിനെ വാങ്ങുന്ന സംഭാവന ചെറിയ തുകയല്ലാത്തതിന്നാൽ ചട്ടവിരുദ്ധമായി പലതും ചെയ്യേണ്ടി വരും. വലിയ തുക സംഭാവന തരുന്നവർ ചില സൌജന്യങ്ങളും ഇളവുകളും ആവശ്യപ്പെടും. അങ്ങിനെ സൌജന്യങ്ങളും ഇളവുകളും നൽകുമ്പോൾ സർക്കാരിൻറെ സമ്പത്താണ്‌, എന്നുവച്ചാൽ എന്റെയും നിങ്ങളുടെയും പണം, കൊള്ള ചെയ്യപ്പെടുന്നത്. എന്തിനു കൂടുതൽ പറയുന്നു. എല്ലാവർക്കും എല്ലാം അറിവുള്ളതല്ലേ.

പൂച്ചക്കാരു മണി കെട്ടും?

നാം തന്നെ കെട്ടണം. മറ്റാരെങ്കിലും നമുക്കുവേണ്ടി അത് ചെയ്യുമെന്നു കരുതുവാൻ വയ്യ. നാം ഇപ്പോഴേ വൈകി. അല്ലാ, വല്ലാതെ വൈകി എന്ന് പറയുന്നതാകും ഒന്ന് കൂടി ശരി.

അതിനു പുതിയൊരു രാഷ്ട്രീയ പാർട്ടിയുണ്ടാവണം. നൂറു ശതമാനവും ഐഡിയൽ ആയൊരു രാഷ്ട്രീയ പാർട്ടി. അങ്ങിനെ നൂറു ശതമാനവും ഐഡിയൽ ആയൊരു രാഷ്ട്രീയ പാർട്ടിക്കു മാത്രമേ നൂറു ശതമാനവും ഐഡിയൽ ആയൊരു സ്ർക്കാരുണ്ടാക്കുവാൻ സാധിക്കുകയുള്ളൂ. നൂറു ശതമാനവും ഐഡിയൽ ആയൊരു രാഷ്ട്രീയ പാർട്ടി എന്ന് വച്ചാൽ എങ്ങിനെയായിരിക്കണം? നൂറു ശതമാനവും ഐഡിയൽ ആയൊരു സർക്കാർ എന്ന് വച്ചാൽ എങ്ങിനെയായിരിക്കണം?


തുടർന്ന് വായിക്കൂ, അടുത്ത ദിവസം




2015 ഒക്‌ടോബർ 11, ഞായറാഴ്‌ച

5.ലോകം ഇന്നു നേരിടുന്ന സകല പ്രശ്നങ്ങൾകും ഉള്ള പരിഹാരം. (ഒറ്റമൂലി)


നാം ഇന്ന് നേരിടുന്ന തീവ്രവാദം, കൈക്കൂലി, അഴിമതി, മോഷണം, ഗുണ്ടായിസം, മാഫിയ,..... എന്നു തുടങ്ങി സകല പ്രശ്നങ്ങൾകും ഉള്ള പരിഹാരം ആയി എന്റെ മനസ്സിൽ തോന്നുന്ന ഒരു ആശയം ഇതാ ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുന്നു.

ഇവയുടെയല്ലാം ചാലകശക്തി പണമാണ്. ആ പണത്തിന്റെ ഒഴുക്ക് ഇല്ലാതാക്കണം.  അതോടെ മുകളിൽ പറഞ്ഞ സകല പ്രശ്നങ്ങളും അവസാനിക്കും. അത് ഇന്നത്തെ കാലത്ത് വളരെ എളുപ്പമാണ്.

ആ പണം മുഴുവനും  കള്ളപ്പണം ആണ്. കള്ളപ്പണം എന്നാൽ അക്കൌണ്ടബിൾ അല്ലാത്ത, നികുതി കൊടുക്കാത്ത, സോർസ് വെളിപ്പെടുത്തുവാൻ പറ്റാത്ത പണം എന്നർഥം. അത് കറൻസിയായിട്ടു മാത്രമേ കൈകാര്യം ചെയ്യുവാനും സൂക്ഷിച്ചു വയ്ക്കുവാനും കഴിയൂ. ആദ്യം കറൻസി നോട്ടുകൾ മുഴുവനും അങ്ങു പിൻവലിക്കുന്നു. എന്നു വച്ചാൽ നിരോധിക്കുന്നു. എന്നിട്ട്, തുക എത്ര ചെറുതാവട്ടെ വലുതാവട്ടെ മുഴുവൻ പണമിടപാടുകളും അക്കൌണ്ടിൽ ക്കൂടി മാത്രമേ നടത്താവു എന്ന് നിയമവും വരുന്നതോടെ കള്ളപ്പണം അവസാനിക്കും.

അപ്പോൾ പിന്നെ സാധാരണ പണമിടപാടുകൾ എങ്ങിനെ നടത്തും? കുറെ കാര്യങ്ങൾ ഡെബിറ്റ് / ക്രഡിറ്റ് കാർഡുകൾ വഴിയും അക്കൌണ്ട് റ്റു അക്കൌണ്ട് ട്രാൻസ്ഫെർ വഴിയും നടക്കും. പിന്നെയുമുണ്ടല്ലോ. 

ഉദാഹരണത്തിന് ബസിലോ ഓട്ടോയിലോ യാത്ര ചെയ്യുക, മീൻ വാങ്ങുക, തുടങ്ങിയ ചെറിയ കാര്യങ്ങൾ. എന്നാൽ ഇതിനും വഴിയുണ്ട്. അതിനു ഓരോരുത്തരുടെയും കയ്യിലുള്ള മൊബൈൽ ഫോണ് ധാരാളം മതി. തുക എത്ര ചെറുതാവട്ടെ വലുതാവട്ടെ ഇതുപയോഗിച്ച് ഇടപാടുകൾ നടത്തുവാൻ കഴിയും. ഫെഡറൽ ബാങ്ക് ഈയിടെ ഇതുപോലൊരു സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ബസിൽ മിനിമം ചാർജിൽ യാത്ര ചെയ്യുന്നതു മുതൽ കോടികളുടെ ഇടപാടുകൾ വരെ, തുക എത്ര ചെറുതായാലും വലുതായാലും, നടത്തുവാൻ സാധിക്കും
വിശദമാക്കാം.

ഇങ്ങിനെ പണം കൈമാറുന്നതിനു, പണം കൊടുക്കുന്നയാളും സ്വീകരിക്കുന്നയാളും തങ്ങളുടെ ഫോണിൽ അല്ലെങ്കിൽ മെഷീനിൽ ഒരു ആപ്ലികേഷൻ  ഡൌൻ ലോഡു ചെയ്യേണ്ടതുണ്ട്. ഇങ്ങിനെ ആപ്ലികേഷൻ  ഡൌൻ ലോഡു ചെയ്യപ്പെട്ട ഫോണുമായി ഒരാൾ ഒരു കടയിൽ പോയി ഒരു സാധനം വാങ്ങുന്നുവെന്നിരിക്കട്ടെ. കച്ചവടക്കാരൻ ബില്ലു തയ്യാറാക്കുന്നു. ആ ബില്ല് ഒരു QR കോഡിന്റെ രൂപത്തിലാണ് അയാളുടെ ഫോണിൽ അല്ലങ്കിൽ മെഷീനിൽ പ്രത്യക്ഷപ്പെടുക. ആ QR കോഡ് സാധനം വാങ്ങുന്നയാൾ അയാളുടെ ഫോണുപയോഗിച്ചു സ്കാൻ ചെയ്യുന്നു. അപ്പോൾ അയാൾ വാങ്ങിയ സാധനത്തിന്റെ മുഴുവൻ വിവരങ്ങളും വിലയും അയാളുടെ ഫോണിൽ തെളിയുകയായി. സമ്മതമെങ്കിൽ ഒകെ ബട്ടനമർതുന്നു ആ സെക്കന്റിൽ തന്നെ അതിന്റെ വില സാധനം വാങ്ങിയ ആളുടെ അക്കൌണ്ടിൽ നിന്നും കച്ചവടക്കാരന്റെ അക്കൌടിലേക്ക് മാറ്റപ്പെടുന്നു. ബില്ലും പ്രിൻറ് ചെയ്യപ്പെടുന്നു. ഇടപാടു കഴിഞ്ഞു.

ശരിക്കു പറഞ്ഞാൽ ഇതും അക്കൗണ്ട്‌ റ്റു അക്കൌണ്ട് ട്രാൻസ്ഫെർ തന്നെയാണ്. അതുകൊണ്ട് ഇനി  ഡെബിറ്റ് / ക്രഡിറ്റ് കാർഡുകൾ ആവശ്യമില്ല. അവയില്ലാതെ തന്നെ ഏതു തരാം ഇടപാടുകളും നടത്തുവാൻ കഴിയുമല്ലോ. എടിഎഎമ്മും (ATM) ആവശ്യമില്ല, കറെൻസി നോട്ടുകൾ ഇല്ലെങ്കിൽ പിന്നെ എന്തിനാണ്  ATM . 

സാധാരണ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പെയ്മെന്റ് നടത്തുമ്പോൾ യഥാർഥത്തിൽ പണം കൈമാറ്റം ചെയ്യപ്പെടുന്നത് പിന്നീടെപ്പോഴോ ആണ്. മാത്രമല്ല  അതിനു മോശമല്ലാത്ത തുക കമ്മിഷനും കൊടുക്കണം. എന്നാൽ ഇവിടെ പണം കൈമാറുന്നതിന് ഒരു മിനിട്ട് പോലും താമസമില്ല. ആർക്കും ഒരു പൈസ പോലും സർവീസ് ചാർജ് ആയിട്ടോ കമ്മിഷൻ ആയിട്ടോ കൊടുക്കേണ്ടതില്ല. ഇതിനു വളരെ ചെറിയ സർവീസ് ചാർജ് മാത്രമേ വരുന്നുള്ളൂ. അതു ബാങ്ക് തന്നെ വഹിക്കും.

സോർസ് വെളിപ്പെടുത്തുവാൻ പറ്റാത്ത, നികുതി കൊടുക്കാത്ത പണം അക്കൌണ്ട് വഴി കൈകാര്യം ചെയ്യുവാൻ സാധിക്കാത്തതുകൊണ്ട് കള്ളപ്പണം വളരെ എഫക്ടീവായി തടയപ്പെടുന്നു.

അതോടെ നാം ഇന്ന് നേരിടുന്ന തീവ്രവാദം, കൈക്കൂലി, അഴിമതി, മോഷണം, ഗുണ്ടായിസം, മാഫിയ,..... എന്നു തുടങ്ങി സകല പ്രശ്നങ്ങളും അവസാനിക്കുന്നു. ജനത്തിനു സ്വൈര്യ ജീവിതം ലഭിക്കുന്നു. കാര്യങ്ങൾക്ക് വേഗം തീർപ്പുണ്ടാകുന്നു. സർക്കാരിന്റെ കാര്യ ക്ഷമത വർധിക്കുന്നു. ഭരണ ചെലവു കുറയുന്ന്നു. അങ്ങിനെ നേട്ടങ്ങൾ അനവധിയാണ്. കോട്ടങ്ങൾ ഒട്ടുമില്ലാ താനും. അഥവാ കോട്ടങ്ങൾ ഉണ്ടെങ്കിൽ അത് കൈക്കൂലി, ഗുണ്ടാ, മാഫിയാദിക്കാർക്കു മാത്രമാണ്. സർക്കാരിന് നികുതി വരുമാനം വൻതോതിൽ വർധിക്കും. ഇങ്ങിനെ അധികമായി പണം ലഭിക്കുന്നതു കൊണ്ട് ഒന്നുകിൽ നികുതി കുറക്കാം അല്ലെങ്കിൽ വികസന പ്രവർത്തനത്തിന് ചെലവഴിക്കാം. 

എന്നാൽ പിന്നെ അങ്ങ് ചെയ്‌താൽ പോരെ? എന്താണ് താമസം? അതിനുള്ള ഉത്തരവും പരിഹാരവും അടുത്ത ദിവസം.





2015 ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

4. ഉരുൾ പൊട്ടൽ



ഇത് ഉരുൾപൊട്ടലിനെക്കുറിച്ചുള്ള തികച്ചും വ്യത്യസ്തമായ ഒരു അഭിപ്രായമാണ്. ഞാൻ ഇക്കാര്യത്തിൽ ഒരു വിദഗ്ദ്ധനല്ല. കഴിഞ്ഞ നാല്പതു കൊല്ലത്തോളമായി ഈ വിഷയത്തിൽ എനിക്ക് കിട്ടിയ അറിവുകൾ എന്റെ യുക്തി യിൽ അപഗ്രഥിച്ചു കിട്ടിയ റിസൾട്ട്‌ ആണിത്. ഇതു പരമാവധി ആളുകളിലേക്ക്‌ ഷെയർ ചെയൂ. വിദഗ്ധർ കാണട്ടെ. അവർ വിലയിരുത്തട്ടെ. അങ്ങിനെ നൂറു ശതമാനവും ശരിയായോരുത്തരം കിട്ടുന്നത് തികച്ചും ശരിയായൊരു പരിസ്ഥിതി നിലപാടെടുക്കുവാൻ സഹായിക്കും.

എന്താണ് ഉരുൾപൊട്ടൽ?  എങ്ങിനെ അതുണ്ടാകുന്നു?

ഈ ചോദ്യങ്ങൾക്ക് ഇതു വരെ നാം കേട്ട ഉത്തരങ്ങൾ എല്ലാം തെറ്റാണ് എന്നാണ് എന്റെ അഭിപ്രായം.

രണ്ടു തരം വിശദീകരണങ്ങൾ ആണ് പ്രധാനമായും കേൾക്കുന്നത്

ഒന്നിങ്ങനെയാണ്. മണ്ണിലേക്കിറങ്ങുന്ന വെള്ളം മൂലം മണ്ണിൻറെ ബോണ്ടിംഗ് നഷ്ട്ടപ്പെടുന്നതിനാൽ  മണ്ണ് താഴേക്കു ഊർന്നിറങ്ങുന്നു. ഇതിന്റെ വീഡിയോകളും സ്റ്റിൽസും ആണ് പലപ്പോഴും ഉരുൾപൊട്ടൽ എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്നത്.

ഇത്  മലയിടിച്ചിൽ മണ്ണിടിച്ചിൽ എന്നൊക്കെപ്പറയുന്ന landslide ആണ്. ഇതിൽ വെള്ളം വളരെക്കുറച്ചേ ഉണ്ടാകൂ. മുഴുവനും കല്ലും മണ്ണും ചെളിയും ഒക്കെയായിരിക്കും. ഇതല്ല കേരളത്തിൽ ഉണ്ടാകുന്ന ഉരുൾപൊട്ടൽ. ഇവിടുണ്ടാകുന്ന ഉരുൾപൊട്ടലിൽ വെള്ളമാണ് പ്രധാന ഖടകം. വെള്ളമെന്നുവച്ചാൽ ഒരു നാടിനെ മുഴുവൻ പ്രളയ ജലത്തിൽ മുക്കുവാൻ പോന്ന അത്ര വെള്ളം.

അടുത്തതിങ്ങനെ. മഴ പെയ്യുമ്പോൾ ഉണ്ടാകുന്ന വെള്ളം മണ്ണിലേക്കിറങ്ങി മർദ്ദം കൂടിക്കൂടി താങ്ങാനാവാതെ വരുമ്പോൾ പൊട്ടി ത്തെറിക്കുന്നു. ഇതും തെറ്റാണ്.

വിശദീകരിക്കാം. ഒരു ശരാശരി ഉരുൾ പൊട്ടലിലൂടെ ഉണ്ടാകുന്നത് ഒരു നാടിനെ മുഴുവൻ പ്രളയ ജലത്തിൽ മുക്കുവാൻ പോന്ന അത്ര വെള്ളം ആണ്. ഈ വെള്ളം എവിടെ നിന്നു വരുന്നു? മണ്ണിൽ നിന്നാണെങ്കിൽ അവിടെ ഇത്രയും വെള്ളം ഉൾക്കൊള്ളുവാൻ ആവശ്യമായത്ര ഇടം (സ്പേസ് അതായത് room) വേണം. ഉരുൾ പൊട്ടിയ പല സ്ഥലങ്ങളും ഞാൻ നേരിട്ട് പരിശോധിച്ചിട്ടുണ്ട്. അവിടെയൊന്നും ഇത്രയും വെള്ളം ഉൾക്കൊള്ളുവാൻ തക്ക വലിപ്പമുള്ള ഗുഹ പോയിട്ട് ഒരു എലി മടയുടെ വലിപ്പമുള്ള പൊത്തു പോലും കാണുന്നില്ല. വളരെ ചെറിയ ഏതാനും ഉറവ മാത്രമാണ് കാണുന്നത്. വളരെ ചെറിയ ഒരു കൈത്തോടിൽക്കൂടി (Stream) ഒഴുകുവാനുള്ള വെള്ളം പോലും അവയിൽ നിന്നും വരുന്നുമില്ല. ഈ വാദം ഫിസിക്സിലെ, "ഏതൊരു വസ്തുവിനും സ്ഥിതി ചെയ്യുവാൻ സ്ഥലം (സ്പേസ് അതായത് room) ആവശ്യമാണ്" എന്ന അടിസ്ഥാന തത്വത്തെയാണ് വെല്ലുവിളിക്കുന്നത്.

ഏക്കർ കണക്കിന് സ്ഥലവും അനേകം വീടുകളും വൻ മരങ്ങളും വൻ പാറക്കൂട്ടങ്ങളും മനുഷ്യരും വരെ, പലപ്പോഴും കിലോമീറ്ററുകൾ ദൂരെ വരെ, ഒലിച്ചുപോയ സ്ഥലങ്ങളിലെ കാര്യമാണീ പറയുന്നത്.

എന്തുകൊണ്ട് മലയുടെ ചെരിവിൽ മാത്രം ഉരുൾ പൊട്ടുന്നു? സമതലങ്ങളിൽ പൊട്ടുന്നില്ല. എന്തുകൊണ്ട് ശക്തിയായ കാറ്റും മഴയും ഉള്ളപ്പോൾ മാത്രം ഉരുൾ പൊട്ടുന്നു? മർദ്ദം കൂടിയിട്ടാണ് പൊട്ടുന്നതെങ്കിൽ സ്വാഭാവികമായും താഴ്വാരങ്ങളിൽ ആയിരുന്നു പൊട്ടേണ്ടിയിരുന്നത്. കാറ്റും മഴയും ഉള്ളപ്പോൾ മാത്രമല്ലാ കാറ്റില്ലാത്തപ്പോഴും മഴയില്ലാത്തപ്പോഴും പൊട്ടണമായിരുന്നു. എന്നാൽ ഇവിടെ പൊട്ടുന്ന ഉരുളുകൾ മുഴുവൻ കാറ്റിന്റെയും മഴയുടെയും കൂടെയാണ് സംഭവിക്കുന്നത്‌. അതുകൊണ്ടാണ് ഇതുവരെ ആർക്കും അതിന്റെ ഫോട്ടോ എടുക്കുവാൻ കഴിയാത്തത്.

മണ്ണിനു ഉൾക്കൊള്ളുവാൻ കഴിയുന്ന വെള്ളത്തിനു ഒരു പരിധിയുണ്ട്. അത് കഴിഞ്ഞു വെള്ളം ഉള്ളിലോട്ടു കയറണമെങ്കിൽ ശക്തിയായി മർദ്ദം ചെലുത്തിയാൽ മാത്രമേ കയറൂ. ഇവിടെ താരതമ്യേന മലയുടെ മുകൾഭാഗത്തുള്ള മണ്ണിൽക്കയറുന്ന വെള്ളത്തിന്റെ ഗ്രാവിറ്റേഷനൽ ഫോഴ്സ് മൂലം മർദ്ദം ഉയരാം. അങ്ങിനെ ഉയരുമ്പോൾ ആണ് ഉറവ ഉണ്ടാകുന്നത്. ഇങ്ങിനെ ഉറവ ഉണ്ടാകുന്നതു  കൊണ്ട് ഒരിക്കലും പരിധി വിട്ടു മർദ്ദം ഉയരുകയില്ല. കേരളത്തിലെ ഉരുൾ പൊട്ടലുകളുടെ ചരിത്രമെടുത്തു പരിശോധിച്ചുകൊള്ളൂ ഞാൻ ഈ പറയുന്നത് സത്യമാണെന്ന് ബോധ്യമാകും. കഴിഞ്ഞ പത്തു നാല്പതു വർഷങ്ങളായി ഞാനിതു ശ്രദ്ധിക്കുന്നു.

അപ്പോൾ പിന്നെ ഭൂമിയിൽ നിന്നും പൊട്ടിത്തെറിക്കുകയാണെന്ന വാദവും പൊളിയുന്നു.

ഉരുൾ പൊട്ടലിൽനിന്നും തലനാരിഴക്ക് മാത്രം രെക്ഷപെട്ടൊരാളെ നേരിൽ കാണുവാനും അദ്ദേഹവുമായി സംസാരിക്കുവാനും ഒരിക്കൽ അവസരം ലഭിച്ച്ട്ടുണ്ട്. അപ്പോൾ ലഭിച്ചതും സ്ഥലപരിശോധനയിൽ നിന്നും ലഭിച്ച തും ആയ വിവരങ്ങളുടെയും എന്റെ ഇതു വരെയുള്ള പഠനങ്ങളുടെയും അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ എനിക്ക് കിട്ടുന്ന ഉത്തരം ഇങ്ങിനെയാണ്.

ഉരുൾ പൊട്ടുന്നത് ആർക്കും കാണുവാൻ കഴിയില്ല. കാരണം ദൂരക്കാഴ്ച അപ്പോൾ ഏറിയാൽ പത്തടിയോളം മാത്രമാണ്. അതിലപ്പുറം ഒന്നും കാണുവാൻ കഴിയുകയില്ല. അതി ശക്തമായ കാറ്റിന്റെയും മഴയുടെയും അകമ്പടിയോടു കൂടി മാത്രമേ ഉരുൾ പൊട്ടിയ ചരിത്രമുള്ളൂ. ഉരുൾ പൊട്ടുമ്പോൾ വെള്ളം ഭൂമിയിൽ നിന്നും മുകളിലേക്ക് തെറിക്കുകയല്ല മറിച്ച് കിലോമീറ്ററുകൾ മുകളിൽ നിന്നും താഴേക്കു പതിക്കുകയാണ് ചെയ്യുന്നത്. അതും ആ പ്രദേശത്തെ മുഴുവൻ പ്രളയത്തിൽ ആക്കുവാൻ പര്യപ്തമായാത്ര വെള്ളം. എവിടെ നിന്നു വരുന്നൂ ഈ വെള്ളമാല്ലാം? ഏതായാലും ഭൂമിയിൽ നിന്നല്ല എന്നുറപ്പാണ്. അപ്പോൾ പിന്നെ ഇനി മുകളിൽ നിന്നല്ലാതെ തരമില്ല.

ശക്ത്തിയായ മഴയോടും കാറ്റോടും കൂടി മാത്രമേ ഉരുൾ പൊട്ടലുണ്ടാകുന്നുള്ളൂ. അപ്പോൾ അത് ഒരു ചുഴലിക്കാറ്റ് ആയിരിക്കണം. എന്നുവച്ചാൽ സാധാരണ ചുഴലിക്കാറ്റ് അല്ല. ഈ ചുഴലിക്കാറ്റിന്റെ പ്രത്യേകത മൂലം ഭൂമിയിൽ നിന്നും കിലോമീറ്ററുകൾ മുകളിൽ ഒരു വലിയ പാത്രം പോലെ, കിലോമീറ്ററുകൾ വ്യാസമുള്ള, ഒരു പ്രദേശം രൂപപ്പെടുന്നു. ഇവിടെ ക്യുബിക് കിലോമീറ്റർ കണക്കിന് വെള്ളം ശേഖരിക്കപ്പെടുന്നു. ഒരു ക്യുബിക് കിലോമീറ്റർ എന്നാൽ ഒരു കിലോമീറ്റർ നീളം ഒരു കിലോമീറ്റർ വീതി ഒരു കിലോമീറ്റർ ഉയരം. ഈ വെള്ളം ശേഖരിക്കുന്നതിന് ഒരു മീറ്റർ ആഴവും ഒരു കിലോമീറ്റർ വീതിയുമുള്ള ഒരു പാത്രം ഉപയോഗിക്കുന്ന പക്ഷം ആ പാത്രത്തിനു നൂറു കിലോമീറ്റർ നീളമുണ്ടായിരിക്കും. ഞാനിത്ര വിശദീകരിക്കുന്നത് ഒരു ശരാശരി ഉരുൾ പൊട്ടലിൽ ഉണ്ടാകുന്ന വെള്ളത്തെക്കുറിച്ച് ഒരു ധാരണ ഉണ്ടാകുന്നതിനാണ്. ഇങ്ങിനെ രൂപപ്പെടുന്ന പ്രദേശത്ത് ശേഖരിക്കപ്പെടുന്ന വെള്ളത്തിന്റെ ഗ്രാവിറ്റേഷനൽ ഫോഴ്സ് എപ്പോൾ ചുഴലിക്കാറ്റിനെ ബ്രേക്ക് ചെയ്യുന്നോ അപ്പോൾ ചുഴലി ക്കാറ്റിനാൽ ശേഖരിക്കപ്പെട്ടിരിക്കുന്ന മൊത്തം വെള്ളവും ഏതാനും സെക്കൻഡുകൾക്കുള്ളിൽ താഴേക്കു പതിക്കുന്നു. ഒരു നാടിനെ മുഴുവനും പ്രളയത്തിൽ ആക്കുവാൻ ഈ വെള്ളം ധാരാളം മതി. ഇത്രയും വെള്ളം ഏതാനും സെക്കണ്ടുകൾ കൊണ്ട് താഴേക്കു പതിക്കുമ്പോഴുണ്ടാകുന്ന ഫോഴ്സിൽ ഏതു വൻ മരവും കെട്ടിടവും എന്തിന് വൻ പാറകൾ വരെ തെറിച്ചുപോകും. ഇങ്ങിനെ തെറിക്കുന്നതു കൊണ്ടാകാം ഭൂമിയിൽ നിന്നും പൊട്ടിത്തെറിക്കുകയാണെന്ന് ധാരണ വരുവാനും ഉരുൾ പൊട്ടൽ എന്ന പേരുണ്ടാകുവാനും കാരണം.


മലഞ്ചെരുവിൽ മാത്രം എന്തുകൊണ്ട് ഉരുൾ പൊട്ടുന്നു? ഉരുൾ പൊട്ടലുണ്ടാകാൻ പാകത്തിനുള്ള     ചുഴലിക്കാറ്റുണ്ടാകുന്നത് മലഞ്ചെരുവിനു മുകളിൽ ആണെന്നത് കൊണ്ടായിരിക്കണം.






2015 ഒക്‌ടോബർ 8, വ്യാഴാഴ്‌ച

3. ഞാൻ ലോകത്തെയങ്ങു നന്നാക്കുവാൻ തീരുമാനിക്കുകയാണ്



ലോകത്തെ നന്നാക്കുവാനൊ?!!!!.... യേശു ക്രിസ്തു മുതൽ ഗാന്ധിജി വരെ ശ്രമിച്ചിട്ട് ഒരു തരി പോലും നന്നായില്ല. പിന്നെയാ...... ഇതു കേട്ട എന്റെ അടുത്ത സുഹൃത്തുക്കൾ എന്നെ പരിഹസിക്കുന്നു. അതു ശരിയാ. പക്ഷെ അന്നത്തെ സാഹചര്യമല്ല ഇന്ന്. അന്ന് ഉപദേശിച്ചു മാത്രം നന്നാക്കേണ്ടിയിരുന്നു. ഇന്നതല്ല സ്ഥിതി. ഇന്ന് ടെക്നോളജി യുടെ സഹായം കൂടിയുണ്ട്. ടെക്നോളജി യെ ക്കൂടി ഉപയോഗപ്പെടുത്തിയാൽ ഏതു കാര്യവും നമ്മുടെ വരുതിയിൽ നിൽക്കും
 

എനിക്കിപ്പോൾ അറുപത്തഞ്ചു വയസ്. എന്നു വച്ചാൽ വിശ്രമ ജീവിതത്തിൽ എന്നു പറയാം. ഒന്നു കൂടി വ്യക്ത്തമായി പറഞ്ഞാൽ വിശ്രമജീവിതം ആസ്വദിക്കുകയാണ്. അങ്ങിനെയുള്ളപ്പോൾ ആണല്ലോ നാടിനെ മുഴുവനുമങ്ങ് നന്നാക്കികളയാം എന്നൊക്കെ തോന്നുക.

എന്റെയീ സൌഭാഗ്യങ്ങളെല്ലാം എന്റെ മിടുക്കുകൊണ്ടുണ്ടായതാണ് എന്നും നിങ്ങളിൽ പലർക്കും ആ മിടുക്കില്ലാത്തതാണ് നിങ്ങൾക്കു സൌഭാഗ്യങ്ങളില്ലെങ്കിൽ അതിനു കാരണമെന്നും ഞാൻ കരുതുന്നതുകൊണ്ടായിരിക്കാം ഇങ്ങിനെയൊക്കെ ചിന്തിക്കുവാൻ ഒരു പക്ഷെ എന്നെ പ്രേരിപ്പിക്കുന്നത്. അതെന്തുമാവട്ടെ. വിഷയത്തിലേക്ക് വരാം.

അതിന്റെ ആദ്യ പടിയായി ആദ്യം സ്വന്തം നാട്. അതായത് കേരളം. പിന്നെ ഇന്ത്യ. അതു കഴിഞ്ഞു ലോകം. ആദ്യം ചെറിയ ചെറിയ കാര്യങ്ങൾ. പിന്നെ പിന്നെ വലുതിലേക്ക്. അതിന്റെ ആദ്യ പടിയാണ് ലോട്ടറി വിഷയത്തിലുള്ള എന്റെ പോസ്റ്റിങ്ങ്. അതിന്റെ തുടക്കത്തിൽഞാൻ ലോട്ടറിക്ക് നൂറു ശതമാനവും എതിരായിരുന്നുവെങ്കിലും അവസാനത്തെക്കെത്തുമ്പോൾ എന്റെ നിലപാട് ഒന്ന് മയപ്പെടുന്നതായി കാണാം. അത് വിഷയത്തെ മറ്റൊരാങ്കിളിൽകൂടി കണ്ടതാണ്. ഇപ്പോഴും എന്റെ നിലപാട് ലോട്ടറി തട്ടിപ്പാണെന്നു തന്നെയാണ്. മനുഷ്യനെ വെറുതെ വ്യാമോഹിപ്പിച്ചു പറ്റിക്കുകയാണ്.

മനുഷ്യനെ ഉപദേശിച്ചു നന്നാക്കുവാൻ കഴിയില്ല. അങ്ങിനെ കഴിയുമായിരുന്നെകിൽ എത്ര പണ്ടേ അവൻ നന്നാകേണ്ടാതായിരുന്നു. അതിനു കാരണം അവൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അത്തരത്തിലാണ് എന്നതാണ്. അടിസ്ഥാനപരമായി ഓരോരുത്തരും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് നൂറു ശതമാനവും സ്വാർഥൻ ആയിട്ടാണ്. സ്വാർഥത എന്നത് മാത്രമാണ് സത്യം. നിസ്വാർധത എന്നത് വെറും സങ്കല്പമാണ്. അങ്ങിനെയൊന്നില്ല. അഥവാ അങ്ങിനെയൊന്നുണ്ടെങ്കിൽ അത് ഒരമ്മക്ക് തന്റെ സ്വന്തം കുഞ്ഞിനോട് ഉള്ളതു മാത്രമാണ്. ഒരമ്മ തന്റെ കുഞ്ഞിനെ സ്നേഹിക്കുന്നത് തിരിച്ചൊന്നും പ്രതീക്ഷിചിട്ടല്ല. ബാക്കി എല്ലാവരുടെതും കണ്ടീഷൻ വച്ചുള്ള സ്നേഹമാണ്. തിരിച്ചിങ്ങോട്ടും കിട്ടിയില്ലങ്കിൽ മട്ടു മാറും. ഇതൊക്കെ യധാർധ്യങ്ങൾ ആണ്.

എന്തു കൊണ്ടാണ് മനുഷ്യൻ എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും തെറ്റിപ്പോകുന്നത്. അതിനു പല കാരണങ്ങൾ ഉണ്ട്. തികച്ചും വ്യത്യസ്തമായ വസ്തുതകളെ അപഗ്രഥിച്ച് ഒരു തീരുമാനം എടുക്കേണ്ടി വരുമ്പോൾ എല്ലാ വസ്തുതകളും ഒരേ തീക്ഷണതയോടുകൂടി മനസിലേക്ക് എല്ലായ്പോളും വന്നു കൊള്ളണമെന്നില്ല. കൂടാതെ ജന്മനാ ഉള്ള അവനിലെ സ്വാർധതയും. ഇവ രണ്ടും ആണ് തീരുമാനങ്ങൾ തെറ്റിപ്പോകുന്നതിന്റെ പ്രധാന കാരണങ്ങൾ.

അപ്പോൾ പിന്നെ എന്താണു വഴി. വഴിയുണ്ട്. കഴിയുന്നത്റ കാര്യങ്ങൾ കംപ്യുട്ടറിനെ ഏൽപ്പിക്കുക. കമ്പ്യൂട്ടർ പക്ഷപാതിത്വം കാണിക്കില്ല. തെറ്റ് പറ്റില്ല. സെക്കന്റ് കൾക്കുള്ളിൽ തീരുമാനം വരും. അത് നൂറു ശതമാനവും ശരിയും നിഷ്പ്പക്ഷവും ആയിരിക്കും. ഇന്നത്തെ കമ്പ്യൂട്ടർ ഏതു ജോലിയും കുറ്റമറ്റ രീതിയിൽ നിമിഷങ്ങൾക്കുള്ളിൽ ചെയ്തു തീർക്കുവാൻ പ്രാപ്തമാണ്.