2015 ഒക്‌ടോബർ 7, ബുധനാഴ്‌ച

2. ലോട്ടറി (എന്റെ അനുഭവക്കുറിപ്പുകൾ)

         
എല്ലാവരും ലോട്ടറി എടുക്കുന്നത് ഒന്നാം സമ്മാനം കിട്ടുവാൻ തന്നെയാണ്. അല്ലാതെ രണ്ടാം സമ്മാനത്തിനു വേണ്ടിയല്ല. എന്നാൽ ലോട്ടറിയടിക്കുന്നതോ ഒരാൾക്കു മാത്രവും. അതായത് ടിക്കറ്റെടുത്ത അമ്പതു ലക്ഷത്തിൽ ഒന്നൊഴിച്ച് ബാക്കിയെല്ലാവരും കബളിപ്പിക്കപ്പെടുന്നു. ഇതിലും എത്രയോ ഭേദമാണ് പണം വച്ചുള്ള ചീട്ടുകളിയും കുലുക്കിക്കുത്തുമെല്ലാം. ഇവയിൽ ഏതാനും പേരിൽ ഒരാൾക്കെങ്കിലും പണം ലഭിക്കുന്നു. എന്നാൽ ലോട്ടറിയിലോ. അമ്പതു ലക്ഷത്തിൽ ഒരാൾക്ക്‌.

പാവം ജനത്തിനെ വെറുതെ വ്യാമോഹിപ്പിച്ചു പറ്റിക്കുകയാണ്.
സർക്കാരാണ്‌ ഇതു ചെയ്യുന്നത് എന്നു വച്ച് തട്ടിപ്പ് തട്ടിപ്പല്ലാതാവുമൊ?

എന്റെ ഓർമയിൽ അറുപതുകളുടെ ആരംഭത്തിലാണ് കേരളത്തിൽ ലോട്ടറി ആരംഭിക്കുന്നത്. ഞാൻ അന്ന് സ്കൂളിൽ പഠിക്കുന്നു. ആദ്യം സ്വകാര്യ മേഖലയിൽ ആയിരുന്നു ലോട്ടറി. അന്ന് വളരെ പ്രശസ്തമായ രീതിയിൽ വിജയകരമായ നടത്തിയ ലോട്ടറി ആണ് കോട്ടയം പബ്ലിക് ലൈബ്രറിയുടേത്. അംബാസഡർ കാർ ആയിരുന്നു ഒന്നാം സമ്മാനം. പന്തീരായിരം രൂപയായിരുന്നു കാറിന്റെ വില എന്നാണോർമ്മ. അതിന്റെ വൻ വിജയം കേരളത്തിൽ എമ്പാടും ലോട്ടറി കൂണ് പോലെ മുളച്ചു പൊന്താൻ ഇടയാക്കി. കൂടുതലും കള്ള നാണയങ്ങൾ. അന്നത്തെ സർക്കാരിടപെട്ടു. ലോട്ടറി ദേശസാൽക്കരിച്ചു. സർക്കാർ നേരിട്ട് ലോട്ടറി നടത്തുവാൻ തുടങ്ങി. അങ്ങിനെ സർക്കാർ നേരിട്ടു ലോട്ടറി നടത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം.

എണ്‍പതുകളുടെ ആദ്യം. ഒരു ദിവസം ഞാൻ എന്റെ കടയിൽ ഇരിക്കുമ്പോൾ ഒരു ലോട്ടറി വിൽപ്പനക്കാരൻ എന്നെ സമീപിച്ചു. ലോട്ടറിയുടെ കടുത്ത വിമർശകനായ ഞാൻ സ്വാഭാവികമായും അതു നിരസിച്ചു. അയാൾ തൊട്ടടുത്ത കടക്കാരനെയും സമീപിച്ചു. അയാളും നിരസിച്ചു. മൂന്നാമത്തെ കടക്കാരനും നിരസിച്ചു. എന്നാൽ അതിനടുത്ത കടക്കാരൻ അതു വാങ്ങി. ലോട്ടറി വാങ്ങാത്ത ഞങ്ങൾ മൂന്നു പേരും ചേർന്ന് വാങ്ങിയ ആളെ വിമർശിച്ചു. ഇതു വല്ലതും അടിക്കുവാൻ പോകുന്നോ. വെറുതെ കാശ് കളഞ്ഞില്ലേ. പത്തു മുപ്പതു ലക്ഷം ടിക്കറ്റ് ആണ് വിറ്റു പോകുന്നത്. അതിൽ നിന്നെങ്ങിനെ അടിക്കാനാണ്‌. ഇങ്ങിനെ പോയി ഞങ്ങളുടെ വാദങ്ങൾ. അയാൾ ഒന്നും മിണ്ടിയില്ല.

ഏതാനും ദിവസം കഴിഞ്ഞ് ഒരു ദിവസം. ലോട്ടറി വാങ്ങിയ കടക്കാരന്റെ കടക്കു മുന്നിൽ ചെറിയൊരാൾക്കൂട്ടം. സമയം കഴിയും തോറും ആൾക്കൂട്ടം വലുതായി വരുന്നു. ആ വഴി വരുന്നവരൊന്നും അവിടെ നിന്നും പോകുന്നില്ല. ആരും കടയിലേക്ക് കയറുന്നുമില്ല. കടയിലേക്കു തന്നെ നോക്കി നില്ക്കുന്നു. അപ്പോൾ അടുത്ത കടക്കാരൻ എന്റെയടുത്തേക്കു വന്നിട്ടു പറഞ്ഞു. ജോസേ നമ്മൾ എടുക്കാതെ വിട്ട ടിക്കറ്റിനു ലോട്ടറി അടിച്ചു!!!!... ദൈവമെ!!!!..... എന്തുപറയാൻ. അല്പം കഴിഞ്ഞ് ഞാൻ അങ്ങോട്ടു ചെന്നു. കൈ പിടിച്ച് അഭിനന്ദിചിട്ടു സോറി പറഞ്ഞു. യേയ് കുഴപ്പമില്ല, അയാൾ പറഞ്ഞു.

അടിച്ചത് പത്തു ലക്ഷം. കയ്യിൽ കിട്ടിയത് ആറര ലക്ഷം. അത്യാവശ്യം കടങ്ങൾ വീട്ടി. സഹോദരങ്ങൾക്ക് ചില്ലറ സഹായവും ചെയ്തു. ബാക്കി തുക കൊണ്ട് ആറര ഏക്കർ ഭൂമി വാങ്ങി അതിൽ ഒരു വീടും വച്ചു. ഇന്ന് ആ സ്ഥലത്തിനു ആറു കോടിയിലേറെ വില മതിക്കും. 

ഒരു വ്യഴവട്ടക്കാലവും കൂടി കഴിഞ്ഞു. തൊണ്ണൂറുകളുടെ മദ്ധ്യം. എന്റെ തൊഴിലിലും ജീവിതത്തിലും വലിയ മാറ്റങ്ങൾ വന്നു. ഇപ്പോൾ ഞാൻ ദുബായിൽ ആണ്. ഇവിടെ എത്തിയിട്ട് അധികമായിട്ടില്ല.

ഒരു അവധി ദിവസം. നാട്ടുകാരനായ ഒരു സുഹൃത്ത് വന്നിട്ടു ചോദിച്ചു. ഞങ്ങൾ ആറു പേരു ചേർന്ന് അബുദാബി ഡ്യൂട്ടി ഫ്രീ യുടെ ടിക്കറ്റെടുത്തി ട്ടുണ്ട്.  ടിക്കറ്റിന് മൊത്തം അറുന്നൂറു ദിറംസ്. ആളൊന്നുക്ക് നൂറു ദിറംസ്. അതിൽ ഒരാൾ പിമാറി. അതു കൊണ്ട് ഒരു ഷെയർ ബാക്കിയുണ്ട്. വേണോ? എന്റെ പഴയ ആദർശം വീണ്ടും തല പൊക്കി. പഴയതു പോലെ നിശിതമായി വിമർശിച്ചു. അയാൾ ഒന്നും പറഞ്ഞില്ല. തിരിച്ചു പോയി. പെട്ടെന്ന് എന്റെ മനസിൽക്കൂടി ഒരു മിന്നൽപ്പിണർ പാഞ്ഞു പോയി. ആ പഴയ സംഭവം ഓർമയിലേക്കു വന്നു. ഇനിയെങ്ങാനും അടിക്കുമോ? എയ് ഇല്ല.  രണ്ടു പേരെ വച്ച് നറുക്കിട്ടാൽ പോലും അടിക്കാറില്ല, അൻപതു ശതമാനം ചാൻസ് ഉണ്ടായിട്ടു പോലും. പിന്നെയാ ഇത്. സ്വയം സമാധാനിച്ചു.

ഏതാനും ആഴ്ചകൾ കഴിഞ്ഞ് ഒരു ദിവസം എന്റെ ഓഫീസിലേക്ക് എനിക്കൊരു കോൾ. അന്ന് ഇന്നത്തെ പ്പോലെ മൊബൈൽ സർവസാധാരണ മായിട്ടില്ല. ഇറങ്ങി തുടങ്ങിയിട്ടേയുള്ളൂ. ലോട്ടറി വേണോ എന്നു ചോദിച്ച സുഹൃത്താണ്. ഞങ്ങൾക്കടിച്ചു ജോസേ ഡ്യൂട്ടി ഫ്രീ!!!!.... അപ്പോഴത്തെ എന്റെ അവസ്ഥ വിവരിക്കുവാൻ വാക്കുകൾ ഇല്ല.

എനിക്ക് അത്ര പെട്ടെന്ന് ഉൾക്കൊള്ളുവാൻ കഴിയുന്നതായിരുന്നില്ല അത്. മുഖത്തേറ്റ അടിക്കു തുല്യമായിരുന്നു. ഒരു പ്രാവശ്യം ലോട്ടറി അടിക്കുന്നതിനുള്ള ചാൻസു തന്നെ അൻപതു ലക്ഷത്തിനൊന്നാണ്. അതു തന്നെ വീണ്ടും സംഭവിക്കുക എന്നു പറഞ്ഞാൽ തികച്ചും അസംഭവ്യം. അതാണിവിടെ സംഭവിച്ചിരിക്കുന്നത്. ഈ വിഷയത്തിലുള്ള എന്റെ വിശ്വാസങ്ങളും ധാരണകളും പുനപ്പരിശോധനക്കു വിധേയമാക്കി. നിലപാട് മാറ്റേണ്ടതുണ്ടോ? ഇല്ല. ഒരിക്കലുമില്ല ലോട്ടറി തട്ടിപ്പു തന്നെ.  പക്ഷെ ചെറിയൊരു പരിഷ്കരണം വേണം. ഇതു വരെയുള്ള എന്റെ ഒരു രീതി ഒന്നിനെയും അന്ധമായി വിശ്വസിക്കരുതെന്നായിരുന്നു. അതിങ്ങനെ പരിഷ്ക്കരിച്ചു. ഒന്നിനെയും അന്ധമായി വിശ്വസിക്കുകയോ അവിശ്വസിക്കുകയോ അരുത്. അതോടൊപ്പം ഒരു യാധാർധ്യം കൂടി എന്റെ മനസിലേക്ക് തെളിഞ്ഞു വന്നു. ലോട്ടറി എടുക്കാത്തവന് ലോട്ടറി അടിക്കില്ല. 

സുഹൃത്തിന് ഷെയർ ഒരു ലക്ഷം ദിറംസ് കിട്ടി. അന്നത്തെ റേറ്റ് വച്ച്‌ ഒൻപതു ലക്ഷത്തോളം രൂപ. അദ്ദേഹം കോഴിക്കോട്  മൂഴിക്കലിൽ പതിന്നാലു സെന്റു സ്ഥലവും ഒരു ചെറിയ വീടും വാങ്ങി.

അന്നത്തെ ആ സംഭവത്തിനു ശേഷം എപ്പോഴൊക്കെ ദുബൈ ഡ്യൂട്ടി ഫ്രീ വഴി പോയിട്ടുണ്ടോ അപ്പോഴൊക്കെ ടിക്കറ്റ് എടുത്തിട്ടുണ്ട്. എല്ലാം വെറുതെയായി. ലോട്ടറി അടിച്ച നമ്പരിന്റെ അടുത്തു കൂടെ പോലും പോയില്ല. ഏറ്റവും ചുരുങ്ങിയത് പത്തിരുപതു ടിക്കറ്റെങ്കിലും എടുത്തിട്ടുണ്ടാകും. എന്നുവച്ചാൽ ഇരുപതിനായിരം ദിറംസ്. ഇന്നത്തെ നിരക്കിൽ മൂന്നര ലക്ഷത്തിനു മുകളിൽ ഇന്ത്യൻ രൂപ.

ലോട്ടറി യെക്കുറിച്ച് ഇന്നത്തെ എന്റെ അഭിപ്രായമെന്താണ്? നിലപാടിൽ മാറ്റമുണ്ടോ? എല്ലാവർക്കും അറിയുവാൻ താലപ്[പര്യമുണ്ടാകും.
ലോട്ടറി ശുദ്ധ തട്ടിപ്പാണ് എന്നതിൽ സംശയമൊന്നുമില്ല. എങ്കിലും ഞാൻ വല്ലപ്പോഴുമൊക്കെ ലോട്ടറി എടുക്കാറുണ്ട്. ശുദ്ധ തട്ടിപ്പാണ് എങ്കിൽ പിന്നെ എന്തിനെടുക്കുന്നു? ഇതാണ് അതിനുള്ള മറുപടി. ലോട്ടറി എടുക്കാത്തവന് ലോട്ടറി അടിക്കില്ല. ഒരുവൻ ലോട്ടറി ടിക്കറ്റുമായി  മുന്നിൽ നിൽക്കുമ്പോൾ തോന്നുക അതിലെ ഒന്നാം സമ്മാനവുമായി (സ്വപ്ന തുല്യമായത്ര പണവുമായി ) ഒരാൾ തൊട്ടുമുന്നിൽ നില്ക്കുന്നതായാണ്. ആ സമയത്ത് മറ്റെല്ലാം മറക്കും. അതു കൊണ്ടാണ് ടിക്കറ്റെടുത്തുപോകുന്നത്.

അമ്പതു ലക്ഷത്തിലൊന്നിനു മാത്രം ചാൻസുള്ള ഒരു സംഭവം എന്റെ തൊട്ടടുത്തുകൂടി പോയില്ലേ. ഞാൻ നിരസിച്ചതുകൊണ്ടു മാത്രമല്ലേ എനിക്ക് ലഭിക്കാതെ പോയത്. അതും ഒന്നല്ല രണ്ടു പ്രാവശ്യം. ഇനി അത് ഒന്നു കൂടി  ആവർത്തിക്കില്ല എന്ന് എങ്ങിനെ പറയുവാനാകും.
ഇതിന് ഒരു മറുവശം കൂടിയുണ്ട്. എത്രയോ പ്രാവശ്യം എന്റെ മുന്നിൽ വന്ന ടിക്കറ്റുകൾ ഞാൻ നിരസിച്ചിട്ടുണ്ട്. അതിൽ രണ്ടെണ്ണത്തിൽ മാത്രമേ എനിക്ക് തെറ്റു പറ്റിയിട്ടുള്ളൂ. ബാക്കി എല്ലാത്തിലും എന്റെ തീരുമാനം ശരിയായിരുന്നു. അപ്പോൾ പിന്നെ ഇതെങ്ങിനെ അവസാനിപ്പിക്കാം. ഇങ്ങിനെ ആകാമെന്നു തോന്നുന്നു.

ഒന്നും അമിതമാകരുത്. എന്നുവച്ചാൽ ആവേശം പാടില്ല. വല്ലപ്പൊഴുമെക്കെ ഒരു ടിക്കറ്റെടുക്കാം.  പോണെങ്കിൽ പോകട്ടെ. കിട്ടുന്നെങ്കിൽ കിട്ടട്ടെ. ചെറിയ തുകയല്ലേ. അല്ലെങ്കിൽ തന്നെ എത്ര പണം അത്ര അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്കു ചെലവാകുന്നു.

ഇപ്പോൾ ഞാൻ വിശ്രമ ജീവിതത്തിലാണ് എന്നു വേണമെങ്കിൽ പറയാം. കാശുണ്ടാക്കുന്ന ഒരു പണിയും ചെയ്യുന്നില്ല. മക്കൾ ആണ് കുടുംബം നോക്കുന്നത്. ഇന്ത്യാ രാജ്യത്ത് പ്രസിഡന്റിനുള്ള സ്ഥാനമാണ് എനിക്ക് കുടുംബത്തിലുള്ളത്. പ്രധാനമന്ത്രി രാജ്യം ഭരിക്കുന്നു. പ്രസിഡന്റ്‌ ഒപ്പിടുന്നു. എന്നു വച്ച് ഞാൻ വെറും റബ്ബർ സ്റ്റാമ്പ് ആണെന്നൊന്നും കരുതേണ്ട. എനിക്കും ചില വീറ്റോ പവർ ഒക്കെയുണ്ട്. അത് ഇതു വരെ ഉപയിഗിക്കേണ്ടി വന്നിട്ടില്ല എന്നു മാത്രം.


വല്ലപ്പോഴുമൊക്കെ ഇപ്പോഴും ലോട്ടറി എടുക്കാറുണ്ട്. ഇന്നു വരെ ഒരു ലക്കി പോലും അടിച്ചിട്ടില്ല. ഏതാണ്ട് ഒരു വർഷം മുൻപ് ഒരു കോടിക്ക് 240 നമ്പറിനു അടുത്തു കൂടി പോയി. അതാണ്ആകെയുണ്ടായിരിക്കുന്നത്. 241-ആ മത്തെ ടിക്കറ്റ് ആയിരുന്നു അന്ന് എടുത്തിരുന്നതെങ്കിൽ!  ദൈവമെ!!!!!... ആലോചിക്കാനേ വയ്യ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ