2015 ഡിസംബർ 7, തിങ്കളാഴ്‌ച

എന്നാൽ പിന്നെ അങ്ങ് ചെയ്‌താൽ പോരെ?


എന്നാൽ പിന്നെ അങ്ങ് ചെയ്‌താൽ പോരെ? എന്താണ് താമസം?
                 (6)
ഈ പറഞ്ഞതെല്ലാം ആരാണു ചെയ്യേണ്ടത്? നമ്മുടെ സർക്കാർ. സർക്കാർ എന്നാൽ മന്ത്രിമാരും സർക്കാരുദ്യോഗസ്ഥരും. ഉദ്യോഗസ്ഥരെ നിലക്കു നിർത്തേണ്ടതും അവരെക്കൊണ്ടു നേരാം വണ്ണം പണിയെടുപ്പിക്കേണ്ടതും ആരാണു? മന്ത്രിമാർ. മന്ത്രിമാർ അതു ചെയ്യുന്നില്ലെങ്കിൽ ചെയ്യിപ്പിക്കേണ്ടത് ആരാണ്? ഭരണകക്ഷി നേതൃത്വം. അവരിത് ചെയ്യുമോ? ചെയ്യില്ല. എന്തുകൊണ്ട്? പ്രധാനമായും രണ്ടു കാരണങ്ങൾ ആണുള്ളത്.
 
ഒന്ന്, നിലവിലുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഏറ്റവും താഴെയുള്ള പ്രവർത്തകൻ തൊട്ട് ഏറ്റവും മുകളിൽ താക്കോൽ സ്ഥാനത്തിരിക്കുന്നയാൾ വരെ ഒരൊറ്റയാൾ പോലും നാടു നന്നാവണം എന്ന തീവ്രമായ ആഗ്രഹമുള്ളയാളല്ല. ഞാൻ നന്നായിട്ട് പിന്നെ വേണമങ്കിൽ നാടും നന്നായിക്കൊള്ളട്ടെ എന്നല്ലാതെ നാടു നന്നാവുമ്പോൾ അതിന്റെ ഭാഗമായ ഞാനും നന്നാവും എന്ന് വിശ്വസിക്കുന്നവരല്ല.  അഥവാ ആരെങ്കിലും അങ്ങിനെ നൂറു ശതമാനവും ഐഡിയൽ ആയി പാർട്ടിയിൽ വന്നാൽ തന്നെ, അയാൾക്ക്‌, പാർട്ടിയിൽ ആദ്യത്തെ പടി പോലും ചവിട്ടുവാൻ കഴിയില്ല. അതിനു സമ്മതിക്കുകയില്ല. ഓരോ പാർട്ടിയുടേയും സെറ്റ്അപ്പ്‌ അങ്ങിനെയാണ്. അവരോരുത്തരും എത്ര പേർക്കു പാര പണിതും എത്ര പേർക്കു സേവ പിടിച്ചും ആണെന്നോ ഈ സ്ഥാനത്തെത്തിയത്. ഇനി അവരെത്തിയ ഈ സ്ഥാനത്തു തുടരണമെങ്കിലോ ഇരുപത്തിനാലു മണിക്കൂറും കണ്ണിൽ എണ്ണയുമൊഴിച്ചു കരുതലോടെയിരിക്കണം. എപ്പോഴാ എവിടുന്നാ പണി വരുന്നതെന്നറിയില്ല.  അപ്പോൾ പിന്നെ താൻ ഇരിക്കുന്ന കസേരക്ക് എന്തെങ്കിലും സംഭവിക്കുന്നതിനു മുൻപ് എത്രയും നേരത്തെ നാല് കാശുണ്ടാക്കണം. അങ്ങിനെ കാശുണ്ടാക്കുവാൻ തുടങ്ങിയാലോ, പിന്നെ ആർത്തി കൂടി ക്കൂടി കണ്ണും കാണില്ല ചിവിയും കേൾക്കില്ലാ എന്ന അവസ്ഥയാവും. പിന്നെങ്ങനെ അവർക്ക് ജനതാൽപ്പര്യവും രാജ്യതാൽപ്പര്യവും നോക്കുവാൻ കഴിയും?

രണ്ടാമത്തേത്, പാർടി നേതൃത്വത്തിൽ നിന്നുള്ള പ്രഷർ ആണ്. പാർട്ടിക്കു ഫണ്ട് വേണം. ബക്കറ്റു പിരിവു കൊണ്ടൊന്നും ഇന്ന് നിലവിലുള്ള ഒരു രാഷ്ട്രീയ പാർട്ടിക്കും ഇന്നത്തെ നിലയിൽ പ്രവർത്തിക്കുവാനാകില്ല. അത്ര ഭീമമാണ് പാർട്ടി പ്രവർത്തനത്തിനുള്ള  ചെലവ്. അതിനു ഭരണ തലത്തിലുള്ള ഇടപെടലുകൾ വേണം. ആദ്യം വൻ കിടക്കാരിൽ നിന്നും പിരിക്കുന്നു. പിന്നെ ചെറു കിടക്കാരിൽ നിന്നും. അതും മതിയാകാതെ വരുമ്പോൾ സാധാരണക്കാരിൽ നിന്ന്. എന്നിട്ടും തികയാതെ വരുമ്പോൾ കിട്ടുന്നിടത്തു നിന്നൊക്കെ. അപ്പോഴും മതിയാകില്ല. പിന്നെ മറ്റൊരു മാർഗവുമില്ല. അഴിമതി തന്നെ. അപ്പോഴേക്കും അറപ്പൊക്കെ മാറിയിട്ടുണ്ടാകും പിന്നെ ചോദിച്ചു വാങ്ങുകയായി. കിട്ടിയില്ലെങ്കിൽ വച്ച് താമസിപ്പിക്കുക, കാര്യം ചെയ്തു കൊടുക്കാതിരിക്കുക, ഇല്ലാത്ത വകുപ്പുകൾ പറയുക, എന്തിനു പറയുന്നു, താമസിയാതെ പണത്തിനു വേണ്ടി എന്തും ചെയ്യും എന്ന അവസ്തയിലേക്കെത്തുന്നു. ഇതിൽ ഒരു പങ്ക് സ്വന്തം പോക്കറ്റിലേക്കും. പാർട്ടി ഫണ്ടിലേക്ക് സംഭാവന എന്നാണു പറയുക. ഇങ്ങിനെ വാങ്ങുന്ന സംഭാവന ചെറിയ തുകയല്ലാത്തതിന്നാൽ ചട്ടവിരുദ്ധമായി പലതും ചെയ്യേണ്ടി വരും. വലിയ തുക സംഭാവന തരുന്നവർ ചില സൌജന്യങ്ങളും ഇളവുകളും ആവശ്യപ്പെടും. അങ്ങിനെ സൌജന്യങ്ങളും ഇളവുകളും നൽകുമ്പോൾ സർക്കാരിൻറെ സമ്പത്താണ്‌, എന്നുവച്ചാൽ എന്റെയും നിങ്ങളുടെയും പണം, കൊള്ള ചെയ്യപ്പെടുന്നത്. എന്തിനു കൂടുതൽ പറയുന്നു. എല്ലാവർക്കും എല്ലാം അറിവുള്ളതല്ലേ.

പൂച്ചക്കാരു മണി കെട്ടും?

നാം തന്നെ കെട്ടണം. മറ്റാരെങ്കിലും നമുക്കുവേണ്ടി അത് ചെയ്യുമെന്നു കരുതുവാൻ വയ്യ. നാം ഇപ്പോഴേ വൈകി. അല്ലാ, വല്ലാതെ വൈകി എന്ന് പറയുന്നതാകും ഒന്ന് കൂടി ശരി.

അതിനു പുതിയൊരു രാഷ്ട്രീയ പാർട്ടിയുണ്ടാവണം. നൂറു ശതമാനവും ഐഡിയൽ ആയൊരു രാഷ്ട്രീയ പാർട്ടി. അങ്ങിനെ നൂറു ശതമാനവും ഐഡിയൽ ആയൊരു രാഷ്ട്രീയ പാർട്ടിക്കു മാത്രമേ നൂറു ശതമാനവും ഐഡിയൽ ആയൊരു സ്ർക്കാരുണ്ടാക്കുവാൻ സാധിക്കുകയുള്ളൂ. നൂറു ശതമാനവും ഐഡിയൽ ആയൊരു രാഷ്ട്രീയ പാർട്ടി എന്ന് വച്ചാൽ എങ്ങിനെയായിരിക്കണം? നൂറു ശതമാനവും ഐഡിയൽ ആയൊരു സർക്കാർ എന്ന് വച്ചാൽ എങ്ങിനെയായിരിക്കണം?


തുടർന്ന് വായിക്കൂ, അടുത്ത ദിവസം




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ