2015 ഡിസംബർ 9, ബുധനാഴ്‌ച

Part 1: എൻറെ സങ്കൽപത്തിലെ ഐഡിയൽ സർക്കാർ


നല്ല നാളെ...
എൻറെ സങ്കൽപത്തിലെ ഐഡിയൽ സർക്കാർ   (7)      

നൂറു ശതമാനവും ഐഡിയൽ ആയൊരു രാഷ്ട്രീയ പാർട്ടിക്കു മാത്രമേ നൂറു ശതമാനവും ഐഡിയൽ ആയൊരു സ്ർക്കാരുണ്ടാക്കുവാൻ സാധിക്കുകയുള്ളൂ.

ആദ്യം നൂറു ശതമാനവും ഐഡിയൽ ആയൊരു സർക്കാർ എന്ന് വച്ചാൽ എങ്ങിനെയായിരിക്കണം എന്ന് നോക്കാം. അതു കഴിഞ്ഞ് നൂറു ശതമാനവും ഐഡിയൽ ആയൊരു രാഷ്ട്രീയ പാർട്ടി എങ്ങിനെ യായിരിക്കണമെന്നും. 

നമ്മുടെ നാടിനെ ഒരു വലിയ കൂട്ടുകുടുംബത്തോടുപമിക്കണം. കൂട്ടുകുടുംബമാകുമ്പോൾ ഒരു കാരണവർ ഉണ്ടാകണം. ഇവിടെ ആ കാരണവർ മുഖ്യമന്ത്രി ആണ്. ഒരു നല്ല കൂട്ടുകുടുംബത്തിലെ കാരണവർ എങ്ങിനെയാണോ തന്റെ കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്നത് അതുപോലെ താന്നെയായിരിക്കണം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്റെ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കേണ്ടതും.

ഈ ഉപമ ഇപ്പോഴും മനസ്സിൽ ഉണ്ടാകണം. അങ്ങിനെയെങ്കിൽ ഒരു മുഖ്യമന്ത്രിക്ക് ഒരിക്കലും തെറ്റു പറ്റുകയില്ല. പാവപ്പെട്ടവനും പണക്കാരനും എന്നു വേണ്ടാ തന്റെ സംസ്ഥാനത്തെ മുഴുവൻ ആളുകൾക്കും ഒരു പോലെ നീതി ലഭിക്കും

എല്ലാവരും എനിക്ക് എനിക്ക് എന്നു ചിന്തിക്കുന്നത് ആണ് പ്രശ്നങ്ങൾ എല്ലാം ഉണ്ടാക്കുന്നത്‌. മറിച്ച് നമുക്ക് നമുക്ക് എന്ന് ചിന്തിച്ചു നോക്കൂ. അപ്പോൾ കാണാം കാര്യങ്ങൾ എല്ലാം എത്ര ഭംഗിയായി പോകുന്നു എന്ന്.

നൂറു ശതമാനവും ഐഡിയൽ ആയൊരു സർക്കാർ എന്ന് വച്ചാൽ എങ്ങിനെയായിരിക്കണം

1. എല്ലാവർക്കും തൊഴിൽ.

അതെ, എല്ലാവക്കും തൊഴിൽ വേണം. സർക്കാർ മേഖലയിൽ തൊഴിലവസരങ്ങൾ കുറഞ്ഞു കുറഞ്ഞേ വരൂ. സ്വകാര്യ മേഖലയിൽ വൻ തൊഴിലവസരങ്ങൾ ഇനിയുണ്ടാകും. ജോലിയെടുക്കുവാൻ പ്രാപ്ത്തിയുള്ള ഒരാളും വെറുതെയിരിക്കുവാൻ പാടില്ല. അവനവന്റെ കഴിവും പ്രാപ്തിയുമനുസരിച്ചുള്ള ജോലി ചെയ്യണം. ഒരു മണിക്കൂർ വിശ്രമം അടക്കം എട്ടു മണിക്കൂർ ജോലി. എല്ലാവരും ജോലി ചെയ്യുമ്പോൾ എല്ലാവർക്കും ശമ്പളം ലഭിക്കുന്നു. അവർ വീട് വയ്ക്കുന്നു. കാറു വാങ്ങുന്നു. വീട് എയർ കണ്ടീഷൻ ചെയ്യുന്നു, ടൂറു പോകുന്നു, മക്കളെ പഠിപ്പിക്കുന്നു, അങ്ങിനെ കിട്ടുന്ന പണം എല്ലാം അവർ ചെലവഴിക്കുന്നു. അങ്ങിനെ കിട്ടിയവരും ചെലവഴിക്കൂന്നു. അങ്ങിനെ ഓരോ ഇടപാടിലും സർക്കാരിന് നികുതി കിട്ടുന്നു. അതുവഴി വികസന പ്രവർത്തനത്തിനും ജനങ്ങളുടെ ക്ഷേമ പ്രവർത്തനത്തിനും ആയി സർക്കാരിനു ധാരാളം പണം കിട്ടുന്നു.

തുല്യ ജോലിക്ക് തുല്യ വേതനം.

നമ്മുടെ നാട്ടിൽ സർക്കാർ സർവീസിൽ ധാരാളം പേർ കരാർ അടിസ്ഥാനത്തിലും ദിവസവേതനത്തിലും താൽക്കാലികമായും ഒക്കെ
ജോലി ചെയ്യുന്നുണ്ട്. PSC വഴി നിയമനം ലഭിച്ചവർക്ക് അല്ലെങ്കിൽ സ്ഥിര ജീവനക്കാർക്ക് മുപ്പതിനായിരവും നാൽപ്പതിനായിരവും ഒക്കെ ലഭിക്കുമ്പോൾ പാവം താൽക്കാലികക്കാർക്കു ലഭിക്കുന്നതോ അയ്യായിരം അല്ലെങ്കിൽ പതിനായിരം ഒക്കെ ആണ്. അതും അഞ്ചും പത്തും അതിൽ കൂടുതലും വർഷത്തെ സെർവീസുള്ളവർവരെ ഇക്കൂട്ടത്തിൽ ഉണ്ടെന്ന് ഓർക്കണം.

ഇതിലെ യുക്തി എന്താണ്? എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല. ഇവരെല്ലാം ചെയ്യുന്നത് ഒരേ ജോലിയല്ലേ? അവരും നമ്മുടെ കൂട്ടുകുടുമ്പത്തിലെ അംഗങ്ങൾ തന്നെയല്ലേ? അവരുടെ കാര്യം പിന്നെ ആരാണ് നോക്കേണ്ടത്? സ്വന്തം സ്ഥാപനത്തിലെ ജീവനക്കാർക്ക് ശരിയായ ശമ്പളം നൽകാത്ത സർക്കാരിന് എങ്ങിനെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നല്ല ശമ്പളം നൽകണമെന്നു നിർബന്ധിക്കുവാൻ കഴിയും?

അതിനു പറയുന്ന ന്യായം അവർ സ്ഥിര ജീവനക്കാർ ആയിട്ടില്ലെന്നതാണ്. എന്തു കൊണ്ടാണ് അവരെ സ്ഥിരപ്പെടുത്താത്തത്? അവരെ ജോലിക്ക് കൊള്ളില്ലെങ്കിൽ പിരിച്ചുവിടണം. അല്ലാതെ ഒരു ദിവസം പുറത്തു നിറുത്തിയിട്ടു വീണ്ടും താല്ക്കാലിക ക്കാരായിട്ടോ കരാർ തൊഴിലാളികളായിട്ടോ ഒക്കെ വീണ്ടും എടുക്കുക എന്നൊക്കെപ്പറഞ്ഞാൽ, പിന്നെ സർക്കാരും മുതലാളിമാരും തമ്മിൽ എന്തു വ്യത്യാസം?

അതുകൊണ്ട് എല്ലാവർക്കും, അവർ താൽക്കാലികക്കാരാവട്ടെ ദിവസ വേതനക്കാരാകട്ടെ കരാർ തൊഴിലാളികൾ ആവട്ടെ, PSC വഴി നിയമനം ലഭിച്ചവർക്ക് ലഭിക്കുന്ന അതേ ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകണം.

നമ്മുടെ നാടിനെ ഒരു വലിയ കൂട്ടുകുടുംബത്തോടുപമിക്കണം. കൂട്ടുകുടുംബമാകുമ്പോൾ ഒരു കാരണവർ ഉണ്ടാകും ഇവിടെ ആ കാരണവർ മുഖ്യമന്ത്രി ആണ്. ഒരു നല്ല കൂട്ടുകുടുംബത്തിലെ കാരണവർ എങ്ങിനെയാണോ തന്റെ കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്നത് അതുപോലെ താന്നെയായിരിക്കണം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്റെ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കേണ്ടതും

ഇനി ഒന്ന് ആലോചിച്ചു നോക്കൂ. ഞാനീ പറയുന്നത് അല്ലേ യുക്തിപരമായി ശരി എന്ന്?

ഇനി സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം.

പ്രശ്നങ്ങൾ എല്ലാവർക്കും അറിവുള്ളതാണല്ലോ. അതുകൊണ്ട് ആവർത്തിക്കുന്നില്ല. എന്തുകൊണ്ടാണ് ഈ വിഷയത്തിൽ സർക്കാരിന് ഒരു നയമില്ലാത്തത്? ഓരോ സ്ഥാപനത്തിലും തോന്നിയപോലെയല്ലേ ശമ്പളവും മറ്റാനുകൂല്യങ്ങളും? ഇവിടെ എന്തുകൊണ്ട് സർക്കാരിടപെടുന്നില്ല? അവരും ഈ കുടുമ്പത്തിലെ അംഗങ്ങൾ അല്ലെ? അവർക്കും നല്ല ശമ്പളം കൊടുക്കണമെന്നു നിയമം കൊണ്ടുവന്നാൽ എന്താ? നേഴ്സുമാർ, കമ്പനികളിലെ ജോലിക്കാർ, തോട്ടം തൊഴിലാളികൾ, പീടിക തൊഴിലാളികൾ, അദ്ധ്യാപകർ എന്നു തുടങ്ങി സകല മേഖലകളിലും തൊഴിലുടമയ്ക്ക് തോന്നിയ പടിയാണ്. അവർക്കും നല്ല ശമ്പളം കൊടുക്കണം. സർക്കാർ സെർവീസിലെ ജീവനക്കാർക്കു കൊടുക്കുന്ന അതെ ശമ്പളവും മറ്റാനുകൂല്യങ്ങളും തന്നെ കൊടുക്കണം.

ഒരു പക്ഷെ തൊഴിലുടമ പറഞ്ഞേക്കാം ഞങ്ങൾക്ക് സർക്കാർ സെർവീസിലെ അതേ ശമ്പളം കൊടുത്തുകൊണ്ട് സ്ഥാപനം ലാഭകരമായി നടത്തുവാൻ ആവില്ല എന്ന്. അത് അങ്ങീകരിക്കുവാൻ ആവില്ല. ആ വാദം വസ്തുതക്ക് നിരക്കാത്തതാണ്. ഒരു സ്ഥാപനം നടത്തുംപോഴുള്ള മറ്റു ചെലവുകൾ അതായത് കെട്ടിടത്തിന്റെ വില അല്ലെങ്കിൽ വാടക, സ്ഥാപനം മോടി പിടിപ്പിക്കുന്നതിനുള്ള ചെലവ്, മെഷിനറി തുടങ്ങി ഒട്ടനവധി ചെലവുകളുണ്ട് ഒരു സ്ഥാപനം നടത്തുവാൻ. അതിലെ വില വർധനവിൽ ആർക്കും ഒരു പരാതിയുമില്ല. ജോലിക്കാർക്ക്‌ ശമ്പളം കൊടുക്കുമ്പോൾ മാത്രമേയുള്ളൂ പരാതി. ഇതെങ്ങിനെ അങ്ങീകരിക്കുവാൻ കഴിയും? അതുകൊണ്ട് സർക്കാർ സർവീസിലുള്ളവർക്കു കൊടുക്കുന്ന അതേ ശമ്പളവും മറ്റാനുകൂല്യങ്ങളും സ്വകാര്യ മേഖലയിലുള്ളവർക്കും കൊടുക്കണം. അതിനു കഴിയുന്നവർ മാത്രം സ്ഥാപനം നടത്തിയാൽ മതി എന്നതായിരിക്കണം സർക്കാരിന്റെ നയം.

താഴെ തട്ടിൽ ജോലി ചെയ്യുന്ന ഒരു സാധാരണ ജീവനക്കാരന് എന്ത് ശമ്പളം കൊടുക്കണമെന്ന് സർക്കാർ തീരുമാനിക്കണം. ബസ്‌ ചാർജെത്രയായിരിക്കണമെന്ന് സർക്കാർ തീരുമാനിക്കുമ്പോൾ ആ ചാർജ് KSRTC യ്ക്കും പ്രൈവറ്റ് ബസിനും ഒരുപോലെ ബാധകമാണല്ലോ. അതുപോലെ തന്നെയായിരിക്കണം തൊഴിലാളികളുടെ ശമ്പളം തീരുമാനിക്കുന്നതും. എന്നുവച്ചാൽ ഒരേ തൊഴിലിന്, അത് ഒരു ദിവസേത്തെക്കാകട്ടെ ഒരു മാസത്തെക്കാകട്ടെ താൽക്കാലികമാവട്ടെ സ്ഥിരമാകട്ടെ, ഈ സംസ്ഥാനത്ത് സ്വകാര്യ മേഖലയിൽ അടക്കം ഏതു മേഖലയിൽ ആണെങ്കിലും ഒരേ ശമ്പളം ആയിരിക്കണം.

എല്ലാവർക്കും ബാങ്ക് അകൌണ്ട് വേണം. ഈ അക്കൌണ്ടിൽക്കൂടി വേണം എല്ലാവരുടെയും ശമ്പളം വിതരണം ചെയ്യുവാൻ. അത് ഒരു ദിവസമായാലും ഒരു മാസമായാലും തുക എത്ര ചെറുതാവട്ടെ വലുതാവട്ടെ തന്റെ അക്കൌണ്ട് വഴി മാത്രമേ ആകാവൂ. ഈ അക്കൌണ്ടിൽ നിന്നും പല തരം ഫീസുകൾ, ഫൈൻ ഉണ്ടെങ്കിൽ അത്, വിവിധ തരം നികുതികൾ, ടെലെഫോണ് ഇലക്ട്രിസിറ്റി ബില്ലുകൾ തുടങ്ങി ലോണുകൾ വരെ അതാതു സമയത്ത് എടുത്തുപോയിക്കൊള്ളും. ഇത് എല്ലാവർക്കും ഒരുപൊലെ സൌകര്യപ്രദമാണ്. ഇതുവഴി സമയലാഭം മാത്രമല്ലാ സർക്കാരിൻറെ ഭരണചെലവും വൻ തോതിൽ കുറയുന്നു.

സർക്കാരിന്റെ മുഴുവൻ ജോലികളും കമ്പ്യുട്ടറിനെ ഏൽപ്പിക്കണം. അതുകൊണ്ട് പൊതുജനങ്ങൾക്ക് ഓണ്‍ ലൈൻ ആയി എല്ലാം ചെയ്യുവാൻ കഴിയും. പ്ലസ് ടു മാത്രം വിദ്യാഭ്യാസമുള്ള വെറും സാധാരണക്കാർ മതി ഇനി സർക്കാർ ജോലിക്ക്. അവർക്ക് കമ്പ്യുട്ടറിൽ ഡാറ്റാ ഫീഡ് ചെയ്യുവാൻ മാത്രം അറിഞ്ഞിരുന്നാൽ മതി. അല്ലാതെ മറ്റു യാതൊരു വൈദഗ്ധ്യവും ആവശ്യമില്ല. ഇതുവഴി സർക്കാർ ജീവനക്കാരുടെ എണ്ണം വൻ തോതിൽ കുറയും. കാര്യങ്ങൾ നന്നായി നടക്കുന്നു എന്നുറപ്പ് വരുത്തുവാൻ തലപ്പത്ത് ഏതാനും പേരും ഡാറ്റ എന്റർ ചെയ്യുവാൻ കുറെ പ്ലസ്ടുക്കാരും പിന്നെ കുറെ സാങ്കേതിക വിദഗ്ധരും പോളിസി തീരുമാനിക്കുവാനും നടപ്പാക്കുവായി MLA മാരും മന്ത്രിമാരും. കഴിഞ്ഞു.

ഇതുകൊണ്ട് നേട്ടങ്ങൾ മാത്രമേ ഉള്ളൂ. കോട്ടങ്ങൾ ഒട്ടുമില്ലാ. അഥവാ ഉണ്ടെങ്കിൽ അത് കൈക്കൂലിക്കാർക്കും അഴിമതിക്കാർക്കും ഗുണ്ടകൾക്കും മാഫിയകൾക്കും തീവ്രവാദികൾക്കും ഒക്കെ മാത്രമാണ്.

ഈ പറഞ്ഞ കൈക്കൂലിക്കാരും അഴിമതിക്കാരും ഗുണ്ടകളും മാഫിയക്കാരും തീവ്രവാദികളും ഒന്നും ഞാനീ പറയുന്ന ഐഡിയൽ സർക്കാരിൻറെ ഭരണകാലത്തുണ്ടാവില്ല. കാരണം അന്ന് ആർക്കും കൈക്കൂലി കൊടുക്കുവാനോ വാങ്ങുവാനോ, അവർക്ക് വേണമെന്ന് വിചാരിച്ചാൽ പോലും, കഴിയുകയില്ല. കാരണം അന്നത്തെ കാലത്ത് എല്ലാ ഇടപാടുകളും ഓണ്‍ ലൈൻ ആയിരിക്കും. മുഴുവൻ പണമിടപാടുകളും ബാങ്ക് അക്കൌണ്ട് വഴി മാത്രമായിരിക്കും. കറൻസി നോട്ടുകൾ നിരോധിക്കും. അതുകൊണ്ട് കള്ളപ്പണം ഉണ്ടാകില്ല. കൈക്കൂലി ഉണ്ടാകില്ല. 

ആർക്കും ഒരിക്കലും ഒരു സർക്കാരോഫീസിൽ പോകേണ്ടിവരില്ല. എന്തിന് അങ്ങിനെ ഒരോഫീസു എവിടെ പ്രവത്തിക്കുന്നു എന്ന് പോലും പൊതുജനത്തിന് അറിവുണ്ടാകണം എന്നില്ല.


ഒരു കെട്ടിടം പണിയുവാൻ പെർമിറ്റു വേണമെന്നിരിക്കട്ടെ. ഓണ്‍ ലൈൻ  ആയി അതിന്റെ പ്ലാനും സ്കെച്ചുമടക്കം അപേക്ഷ കൊടുക്കുന്നു. മിക്കവാറും അപ്പോൾ തന്നെ പെർമിറ്റു ലഭിക്കുന്നു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് കൂടി പരിഹരിക്കപ്പെട്ട് ഏതാനും ദിവസങ്ങക്കകം പെർമിറ്റ് കൊറിയറിൽ വീട്ടിലെത്തുന്നു. 

ചുരുക്കി പറഞ്ഞാൽ ഇനി സർക്കാർ ഓഫീസുകളുടെ  ഒന്നും ആവശ്യമില്ല. പൊതു ജനത്തിന് ഏതു സർക്കാർ കാര്യത്തിനും ഇനി എവിടെയും പോകേണ്ടതില്ല. അവനവന്റെ വീട്ടിലിരുന്നു തന്നെ ചെയ്യാം. കംപ്യുട്ടർ ഇല്ലാത്തവർക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രത്തിൽ പോയാൽ മതി.

നിലവിലുള്ള സർക്കാർ ഓഫീസ് കെട്ടിടങ്ങളെല്ലാം ഇനി ആശുപത്രികൾ ആക്കാം. അല്ലെങ്കിൽ ഷോപ്പിംഗ്‌ സെന്റർ ആക്കാം. അതുമല്ലെങ്കിൽ വാടകയ്ക്ക് കൊടുക്കാം. ഭരണ ചെലവു വൻതോതിൽ കുറയുന്നു

ഈ പറയുന്ന കാര്യങ്ങൾ ഒട്ടു മുക്കാലും പല വികസിത രാജ്യങ്ങളിലും ഏറിയും കുറഞ്ഞുമായി വളരെ വിജയകരമായി നടപ്പാക്കിയവയാണ്.

എല്ലാവർക്കും തൊഴിലും തുല്യ വേതനവും, സർക്കാർ മേഖലയിലെ അതേ ശമ്പളം സ്വകാര്യ മേഖലയിലും, ലഭിക്കുന്നതോടെ സംവരണത്തിന് പ്രസക്തിയില്ലാതാവുന്നു.

2. എല്ലാവർക്കും പെൻഷൻ

65 വയസു കഴിഞ്ഞ എല്ലാവർക്കും പെൻഷൻ. പെൻഷൻ എന്നാൽ ഇന്ന് കൊടുക്കുന്ന നക്കാപ്പിച്ചാ വാർദ്ധക്യകാല പെൻഷൻ അല്ല. ശിഷ്ടകാലം സുഖമായി ജീവിക്കുവാൻ ആവശ്യമായത്ര പണം. എന്നു വച്ചാൽ ഇന്ന് സർക്കാർ ജീവനക്കാർക്ക് കൊടുക്കുന്ന അതേ നിലവാരത്തിലുള്ള പെൻഷൻ...............

അടുത്ത അധ്യായത്തിൽ


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ